കടുത്തുരുത്തി ബോംബാക്രമണം, ഇടുക്കി സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റില്‍
കോട്ടയം: കടുത്തുരുത്തി കോതനല്ലൂരിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ബോംബേറിൽ (bombing) അഞ്ച് പേർ അറസ്റ്റിൽ. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ച് യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മുട്ടുചിറ ചെത്തു കുന്നേൽ വീട്ടിൽ അനന്തു പ്രദീപ്, കോതനെല്ലൂർ കുറുപ്പന്തറ പഴയമഠം കോളനിയിൽ വള്ളിക്കാഞ്ഞിരത്ത് വീട്ടിൽ ശ്രീജേഷ്, ഇടുക്കി തൊടുപുഴ മുട്ടം വെഞ്ചാംപുറത്ത് വീട്ടിൽ അക്ഷയ്, കുറുപ്പന്തറ പള്ളിത്തറ മാലിയിൽ ശ്രീലേഷ്, മുട്ടുചിറ കൊണ്ടൂകുന്നേൽ രതുൽ എന്നിവരെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. പ്രതികൾ എല്ലാവരും 27 വയസ്സിൽ താഴെയുള്ളവരാണ്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. സ്ഫോടനത്തിന് പിന്നാലെ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. കേസിൽ പിടിയിലായ അനന്തു പ്രദീപ്, വിഷ്ണു, അക്ഷയ് എന്നിവർക്കെതിരെ മുൻപും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കടുത്തുരുത്തി പോലീസ് വ്യക്തമാക്കി. കഞ്ചാവ് ഉൾപെടെയുള്ളവ പിടികൂടിയ സംഭവത്തിൽ ആണ് അനന്തുവിന് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കോതനല്ലൂർ സ്വദേശിയായ ഗോകുലിന് എതിരെയാണ് ബോംബെറ് നടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. നേരത്തെ സുഹൃത്തുക്കളായിരുന്നു ഇവരെല്ലാവരും. ഇതിനിടെ ഗോകുലും ആയി സംഘം ഉടക്കി പിരിഞ്ഞു. ഗോകുലിനെ തേടി കോതനല്ലൂർ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്നാണ് വീടിനു നേരെ ബോംബേറ് നടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികളുടെ വൈദ്യപരിശോധന അടക്കം പോലീസ് പൂർത്തിയാക്കി. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം.കടുത്തുരുത്തി എസ്.എച്ച്.ഒ. രഞ്ജിത്ത് വിശ്വനാഥൻ, എസ്.ഐ. ബിബിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ബോംബ് സ്ഫോടനം ഉണ്ടായ അന്ന് രാത്രി തന്നെ പൊലീസ് ഈ മേഖലയിൽ വിശദമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനെത്തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഗോകുലിനെ ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഇതോടെയാണ് കണ്ടെത്തിയത്.