ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ 5 പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു
പൊതുമരാമത്ത് വകുപ്പ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ 5 പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാജാക്കാട്ടിൽ നിർവ്വഹിച്ചു. ഇടുക്കിയിൽ ഇനിയും വികസന പ്രവർത്തനങ്ങൾ ധാരാളമായി കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായുള്ള ഇടപെടൽ ഉണ്ടാകുമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിർമ്മിക്കുന്ന റോഡുകൾ ഈടുനിൽക്കുന്നതാകണം. റോഡിന് ഉയർന്ന ഗുണനിലവാരമുണ്ടാകേണ്ട ജില്ലയാണ് ഇടുക്കി. നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതായുണ്ട്. അതിനായുള്ള കഠിനശ്രമമാണ് നടത്തുന്നത്. റോഡുകൾക്ക് ഡ്രൈനേജ് ആവശ്യമാണ്. അതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ശ്രമങ്ങൾ നടത്തുന്നു. മലയോര ഹൈവേയിൽ 89 കിലോമീറ്റർ ഇടുക്കിയിലൂടെയാണ് കടന്നു പോകുന്നത്. അതിൽ 78 കിലോമീറ്ററിൻ്റെ ഡി പി ആർ തയ്യാറായി കഴിഞ്ഞു. ജില്ലയുടെ ടൂറിസം സാധ്യതകൾ ആസൂത്രിതമായി നടപ്പിലാക്കി മുമ്പോട്ട് പോകണം. ടൂറിസത്തിന് വികാസമുണ്ടായാൽ നാട്ടിലെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടും. ശുചിത്വവും പരിപാലനവും ടൂറിസം മേഖലക്ക് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. രാജാക്കാട്- മൈലാടുംപാറ റോഡിലെ പുനരുദ്ധാരണ പ്രവർത്തികൾ, കൈലാസപ്പാറ- മാവടി വിളക്ക്- കൈലാസം- മുള്ളരിക്കുടി റോഡിലെ പുനരുദ്ധാരണ പ്രവർത്തികൾ, ബാലഗ്രാം- പുളിയൻമല റോഡിലെ പുനരുദ്ധാരണ പ്രവർത്തികൾ, രാജാക്കാട് – ചാക്കുളത്തിമേട് റോഡിലെ പുനരുദ്ധാരണ പ്രവർത്തികൾ, പൂപ്പാറ- കുംമ്പപ്പാറ റോഡിലെ പുനരുദ്ധാരണ പ്രവർത്തികൾ എന്നീ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്. എം എം മണി എം എൽ എ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലത്തും രണ്ടാം ഇടതു സർക്കാരിൻ്റെ ഇതുവരെയുള്ള സമയകാലയളവിനുള്ളിലും വികസനോന്മുഖമായ നിരവധി പദ്ധതികളാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് എം എം മണി പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം ആലുവ സൂപ്രണ്ടിംഗ് എൻജിനിയർ കെ റ്റി ബിന്ദു, പൊതുമരാമത്ത് നിരത്ത് വിഭാഗം ഇടുക്കി എക്സിക്യൂട്ടീവ് എഞ്ചിനിയർ സി കെ പ്രസാദ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ റ്റി കുഞ്ഞ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കുഞ്ഞുമോൻ, രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമ ബിജു, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തിലോത്തമ സോമൻ, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.