മരംമുറി: വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്;ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ
കുമളി : മരംമുറി വിവാദത്തെത്തുടർന്ന് നടപടി നേരിടുന്ന അടിമാലി ഫോറസ്റ്റ് മുൻ റേഞ്ച് ഓഫിസർ ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും അമ്മയുടെ പേരിലുള്ള റിസോർട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിൽ റേഞ്ച് ഓഫിസറായി ജോലി നോക്കിയ ജോജി ജോൺ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലൻസിനു പരാതി ലഭിച്ചിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് വിജിലൻസ് എറണാകുളം സ്പെഷൽ സെൽ ഡിവൈഎസ്പി ടി.യു. സജീവന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പരിശോധനകൾക്കായി എത്തിയത്.
ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്വത്ത് സംബന്ധിച്ച രേഖകളും ബാങ്ക് പാസ്ബുക്കുകളും ബാങ്കിടപാടുകളുടെ രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ജോജി ജോൺ 2010 മുതൽ 2020 വരെയുള്ള കാലയളവിൽ 7,86,06,779 രൂപ അനധികൃതമായി സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി.
അടിമാലി റേഞ്ച് ഓഫിസർ ആയിരിക്കെ മരം മുറിക്കാനായി 62 പാസുകളും അധികച്ചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽ 92 പാസുകളും അനധികൃതമായി നൽകിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പട്ടയഭൂമിയിൽ നിന്നെന്ന പേരിൽ മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്നു തേക്കുതടി വെട്ടിക്കടത്തിയിരുന്നു. ഇവയിൽ ചിലത് തേക്കടിയിലെ റിസോർട്ടിൽ നിന്നു പിന്നീട് കണ്ടെത്തി. തുടർന്ന് വനം വകുപ്പ് ജോജി ജോണിനെ സസ്പെൻഡ് ചെയ്തിരുന്നു.