കുതിച്ചുയർന്ന് കോവിഡ്;രണ്ടാംതരംഗസമയത്ത് ഒരുക്കിയിരുന്ന നാലിലൊന്ന് സൗകര്യംപോലും ഇപ്പോൾ ജില്ലയിലില്ല
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാൽ, ചികിത്സയ്ക്കും പരിശോധനയ്ക്കും ആവശ്യത്തിന് സൗകര്യമില്ല. രണ്ടാംതരംഗസമയത്ത് ഒരുക്കിയിരുന്ന നാലിലൊന്ന് സൗകര്യംപോലും ഇപ്പോൾ ജില്ലയിലില്ല.
രോഗികൾ കൂടിയപ്പോൾ സൗകര്യങ്ങൾ കുറവ്
കഴിഞ്ഞ രണ്ടുതരംഗത്തിലും ജില്ലയിൽ വേണ്ടരീതിയിൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഗൃഹവാസചികിത്സാകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ തദ്ദേശസ്ഥാപനങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, അതിന്റെ നാലിലൊന്ന് സൗകര്യംപോലും ഇത്തവണയില്ല.
കഴിഞ്ഞ രണ്ടുതവണത്തെക്കാൾ ദൈനംദിനരോഗികൾ ഇത്തവണയുണ്ട്. രണ്ടായിരം കടന്ന ദിവസങ്ങൾ. പരിശോധനാസംവിധാനങ്ങളുടെ അപര്യാപ്തതമൂലം പലരും പരിശോധനയ്ക്കെത്തുന്നില്ല. ജീവനക്കാരുടെ കുറവും സാങ്കേതികതകരാറുകളും കാരണം പരിശോധനാഫലം ലഭിക്കുന്നതിലും ദിവസങ്ങളോളം കാലതാമസമാണ് നേരിടുന്നത്. ആറുദിവസംവരെ പരിശോധനാഫലം വൈകിയ സംഭവങ്ങളുണ്ട്. രോഗം സ്ഥിരീകരിച്ചവർ ഏഴുദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽമതിയെന്ന് പറയുമ്പോഴാണ്, ആറുദിവസംവരെ പരിശോധനാഫലം വൈകുന്നത്. മുൻപ് വാക്സിനേഷൻ സെന്ററുകൾ ഓരോ പഞ്ചായത്തിലും പ്രത്യേകമായി ക്രമീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഓരോ പഞ്ചായത്തിലുമുള്ള ആശുപത്രികളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസംമാത്രമാണ് വാക്സിനേഷൻ നടക്കുന്നത്. ഈദിവസങ്ങളിൽ ഇവിടെ കോവിഡ് (ആൻറിജൻ) പരിശോധനയും ഇതോടൊപ്പം നടക്കാറുണ്ട്. ഇത്തരം ആശുപത്രികൾതന്നെ രോഗവിതരണകേന്ദ്രങ്ങളായി മാറുകയാണ്. മുമ്പ് എല്ലാ പഞ്ചായത്തിലും ഡി.സി.സി., സി.എഫ്.എൽ.ടി.സി. (കൊറോണ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെൻറർ) ഉണ്ടായിരുന്നു. എന്നാലിപ്പോൾ ഇടുക്കിയിൽ ഈ സംവിധാനമില്ല.
നിലവിൽ ജില്ലയിൽ 50 പേർക്കുമാത്രം സൗകര്യമുള്ള സി.എസ്.എൽ.ടി.സി. (കോവിഡ് സെക്കൻഡറി ലെവൽ ട്രീറ്റ്മെന്റ് സെന്റർ) കട്ടപ്പനയിൽമാത്രമാണ് പ്രവർത്തിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ച നൂറുകണക്കിന് ആളുകളാണ് പ്രവേശനത്തിനായി ഓരോദിവസവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അഞ്ചിലൊരാൾ എന്നനിലയിൽ ആരോഗ്യപ്രവർത്തകർ കോവിഡ് രോഗികളാകുന്നതിനാൽ ജീവനക്കാർ കോവിഡ് പരിശോധന നടത്തേണ്ട എന്ന് വാക്കാൽ നിർദേശം നൽകിയിട്ടുെണ്ടന്നും ആക്ഷേപമുണ്ട്. മുൻപ് കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളിൽ അധ്യാപകർ, പഞ്ചായത്ത്, കൃഷിവകുപ്പ് ജീവനക്കാർ തുടങ്ങിയവരുടെ സേവനം ലഭിച്ചിരുന്നു. എന്നാൽ, മാസങ്ങളായി ആരോഗ്യവകുപ്പ് പൊതുജനാരോഗ്യവിഭാഗം ജീവനക്കാർമാത്രമാണ് പ്രവർത്തിക്കുന്നത്. ജോലിഭാരം ഇരട്ടിയിലധികമായി വർധിച്ചതിനാൽ കൃത്യനിർവഹണം ശരിയായരീതിയിൽ നടത്താൻകഴിയാത്ത സ്ഥിതിയിലാണ് ആരോഗ്യപ്രവർത്തകർ. രോഗികൾക്ക് ആവശ്യമായ സഹായം നൽകാൻപറ്റാതെ നിസ്സഹായരാകുകയാണ് ആരോഗ്യപ്രവർത്തകർ. ഒന്നും രണ്ടും തരംഗങ്ങളിൽ ചെയ്തപോലെ പരിശോധനയും ചികിത്സാകേന്ദ്രങ്ങളും വ്യാപിപ്പിക്കാനും, എല്ലാ സർക്കാർ സംവിധാനങ്ങളും ഒരുപോലെ സജ്ജമാക്കാനും നടപടിയുണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമായി.
ഉടുമ്പൻചോല പഞ്ചായത്ത് ഓഫീസ് അടച്ചു
നെടുങ്കണ്ടം : ഉടുമ്പൻചോല പഞ്ചായത്ത് ഓഫീസിലെയും തൊഴിലുറപ്പ് ഓഫീസിലെയും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ രണ്ട് ഓഫീസുകളും സെമി ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ 29 മുതൽ ഫെബ്രുവരി ഒന്നുവരെ ഓഫീസിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.