ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അടച്ചിടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അടച്ചിടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.
ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണം. ലോക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 5296 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 64,577 സാമ്ബിളുകള്‍ പരിശോധിച്ചതിലാണ് 5,296 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 5000 കടക്കുന്നത്.
നേരത്തെ ഒമിക്രോണ്‍ വ്യാപനം ഉണ്ടായപ്പോള്‍ ചില നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നു. പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി കര്‍ഫ്യൂവാണ് ആദ്യം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊതു ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.