ക്ഷീരകർഷകരെ ഇങ്ങനെ ദ്രോഹിക്കരുതേ;അടിമാലിയിൽ കാലിത്തീറ്റയ്ക്ക് സബ്സിഡിയില്ല, മൃഗഡോക്ടറുമില്ല
അടിമാലി : പദ്ധതി സമർപ്പിക്കാത്തതിനാൽ അടിമാലി പഞ്ചായത്തിലെ കന്നുകുട്ടി പരിപാലനപദ്ധതി മുടങ്ങി. കൂടാതെ സർക്കാർ മൃഗഡോക്ടറില്ലാത്തതും പഞ്ചായത്തിലെ ഒൻപത് ക്ഷീരസംഘങ്ങളുടെ കീഴിലായുള്ള 1200-ഓളം കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.
എന്ത് ദുരിതമാണ്
മൂന്നുമുതൽ 16 വരെ മാസം പ്രായമുള്ള കന്നുകുട്ടികൾക്ക് 50 ശതമാനം സബ്സിഡിയോടെ കാലിത്തീറ്റ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. പദ്ധതി അംഗമായാൽ കർഷകന് നഷ്ടപരിഹാരവും ലഭിക്കും. ഇത് കർഷകർക്ക് വലിയ അനുഗ്രഹമായിരുന്നു. പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. മൃഗസംരക്ഷണവകുപ്പിന്റെ പ്രോജക്ട് ഓഫീസർക്ക് പഞ്ചായത്ത് പദ്ധതിരേഖ നൽകണം. കൂടാതെ പദ്ധതിയിൽ അംഗമാകാൻ ക്ഷീരകർഷകൻ ചെറിയ തുക പ്രീമിയം അടച്ച് കന്നുകുട്ടിയെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണം.
ഇൻഷുറൻസെടുക്കാൻ കർഷകർ തയ്യാറാണ്. എന്നാൽ, പഞ്ചായത്ത് പദ്ധതി ഇനിയും മൃഗസംരക്ഷണ വകുപ്പിന് നൽകിയിട്ടില്ല. അതിനാൽ ക്ഷീരകർഷകർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ കിട്ടില്ല. സബ്സിഡി തുക പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും ചേർന്നാണ് നൽകുന്നത്. പദ്ധതിക്കായി നീക്കിവെച്ച തുക പഞ്ചായത്ത് വകമാറ്റിയെന്നാണ് ക്ഷീരകർഷകർ ആരോപിക്കുന്നത്. ഇവർ മൃഗാശുപത്രിക്ക് മുൻപിൽ പ്രതിഷേധം നടത്തി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്താനാണ് കർഷകരുടെ തീരുമാനം.
ചികിത്സ വേണം
അടിമാലി മൃഗാശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ നീണ്ട അവധിയിൽ പോയി. പുതിയ ഡോക്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. കുഞ്ചിത്തണ്ണിയിൽനിന്നെത്തുന്ന ഡോക്ടർ ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ഇവിടെയുള്ളത്. വളർത്തുമൃഗങ്ങൾക്ക് അത്യാവശ്യ ചികിത്സ ആവശ്യമായി വന്നാൽ വലിയതുക മുടക്കി ഡോക്ടർമാരെ സ്ഥലത്ത് കൊണ്ടുവരേണ്ട അവസ്ഥയാണ്. രണ്ടാഴ്ചയ്ക്കിടയിൽ മേഖലയിൽ നാല് പശുക്കൾ ചികിത്സ കിട്ടാതെ ചത്തു.
ഡോക്ടറെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും ഉടൻ നിയമനം ഉണ്ടാകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു. പഞ്ചായത്ത് ഇതുവരെ പ്രോജക്ട് സമർപ്പിച്ചിട്ടില്ലെന്നും ലഭിച്ചാൽ പദ്ധതി ആരംഭിക്കാനാവുമെന്ന് പ്രോജക്ട് ഓഫീസർ പറഞ്ഞു.