കട്ടപ്പന സെന്റട്രൽ ജംഗ്ഷനിൽ നിന്ന് ഇടുക്കി കവലയിലേയ്ക്ക് നടന്ന് പോകുന്നവർ ഒരു ഹെൽമെറ്റ് കരുതുക.തലയിൽ ഇഷ്ടിക വീഴാൻ സാധ്യതയുണ്ട് …..
കട്ടപ്പന :സെൻട്രൽ ജംഗ്ഷനിൽ നിന്നും ഇടുക്കി കവലയിലേയ്ക്ക് നടന്നും,ബൈക്കിലും പോകുന്നവരോട് നാട്ടുകാർക്കും,ഓട്ടോ തൊഴിലാളികൾക്കും ഒന്നേ പറയാനുള്ളു. സ്വയം സൂക്ഷിക്കുക,അതുമല്ലെങ്കിൽ ഹെൽമറ്റ് നിർബന്ധമാക്കുക.തയ്യാറായില്ലെങ്കിൽ നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.പറഞ്ഞ് വരുന്നത് ഹെൽമെറ്റ് വേട്ടയെക്കുറിച്ചല്ല.മറിച്ച് തലയിൽ ഇഷ്ടിക വീഴാതിരിക്കാനുള്ള നിർദ്ദേശമാണിത്.കാലപ്പഴക്കം മൂലം ദിനംപ്രതി സിമന്റും, ഇഷ്ടിക കഷ്ണങ്ങളും അടർന്ന് വീണു കൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടമാണ് ഇവിടെ വില്ലൻ. ഇടുക്കിക്കവല വൺവേയിൽ തകടിയേൽ വെഡ്ഡിംഗ് സെന്ററിന് എതിർ വശത്താണ് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയുടെ സ്ലാബ് അടർന്ന് വീണു കൊണ്ടിരിക്കുന്നത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതുവഴി കടന്ന് പോയ പെൺകുട്ടിയുടെ തലയിലേയ്ക്ക് ഇഷ്ടിക കഷ്ണങ്ങൾ വീണെങ്കിലും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ദിവസേന വിദ്യാർത്ഥികൾ അടക്കമുള്ള നൂറ് കണക്കിന് യാത്രക്കാരാണ് തലയ്ക്ക് മീതെയുള്ള ദുരന്തമറിയാതെ ഇത് വഴി കടന്ന് പോകുന്നുണ്ട്.കെട്ടിടത്തിന്റെ അപകടാവസ്ഥ അടുത്തുള്ള കച്ചവടക്കാർ ഉടമയെ അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ല.നഗരത്തിലെ പ്രമുഖന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാൽ നഗരസഭയും ഇക്കാര്യത്തിൽ മൗനത്തിലാണ്. നഗരത്തിൽ സെൻട്രൽ ജംഗ്ഷനിലാണ് കാലപ്പഴക്കം ചെന്ന ഏറ്റവും അധികം കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്, ഇവ കൃത്യമായി നവീകരിക്കാൻ ഉടമകളും തയ്യാറല്ല, പെയ്ന്റടിച്ചോ അല്ലെങ്കിൽ മുൻപിൽ ഗ്ലാസ്സിട്ടോ കെട്ടിടത്തിന്റെ ശോച്യാവസ്ഥ മറയ്ക്കുകയാണ് പതിവ്.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന ഇത്തരം കെട്ടിടങ്ങളുടെ അപകടാവസ്ഥയിലായിരിക്കുന്ന ഭാഗം പുനർ നിർമ്മിക്കണമെന്നാണ് വ്യാപാരികളും ആവശ്യപ്പെടുന്നത്.