ഇടമലക്കുടിയെ ആക്ഷേപിച്ച് എം എം മണിയുടെ വിവാദ പ്രസ്താവന, എം എൽ എ മാപ്പ് പറയണമെന്ന് ബി ജെ പി
സി.പി.എം ഏരിയ സമ്മേളനത്തില്‍ ഇടമലക്കുടിയെക്കുറിച്ച് എം.എം. മണി എം.എല്‍.എ നടത്തിയ പരാമര്‍ശം ആദിവാസി ജനതയെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പിയുടെ ആരോപണം.ഇടമലക്കുടിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പരാമര്‍ശിക്കവെ, ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍ എന്ന് പറഞ്ഞതാണ് വിവാദമായത്. ഇടതുമുന്നണി ജനങ്ങള്‍ക്ക് നല്‍കിയ സേവനങ്ങള്‍ എണ്ണിപ്പറയുന്നതിനിടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് എം.എം. മണി സൂചിപ്പിച്ചത്. ദേവികുളം മികച്ച പ്രകടനം നടത്തിയപ്പോള്‍ മൂന്നാര്‍ പിന്നാക്കം പോയതായും ഇടമലക്കുടിയില്‍ ബി.ജെ.പി വന്നത് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി.
എത്ര കോടി മുടക്കിയാണ് ഇടമലക്കുടിയെ ഈ നിലയിലെത്തിച്ചത്. വൈദ്യുതി എത്തിക്കാന്‍ എത്ര കഷ്ടപ്പെട്ടു. എന്നിട്ടും ബി.ജെ.പിയെ വിജയിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞുകൊണ്ട്, ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍ എന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ഈ പരാമര്‍ശമാണ് വിവാദമാക്കിയത്.
എം.എം. മണിക്കാണ് ബോധം ഇല്ലാത്തത് എന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.എസ്. അജി പറഞ്ഞു. നിയമസഭ സാമാജികനുവേണ്ട മിനിമം മര്യാദയാണ് ലംഘിച്ചത്.
ബി.ജെ.പി ഒരു വാര്‍ഡില്‍ ജയിച്ചതിന്റെ അസഹിഷ്ണുതയാണ് പ്രസ്താവന. മുതുവാന്‍ സമുദായത്തോട് പരസ്യമായി എം.എം. മണി മാപ്പുപറയണമെന്നും കെ.എസ്. അജി ആവശ്യപ്പെട്ടു.































































































































