കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അപ്പീൽ കൊടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സർക്കാർ പൊതുജനങ്ങൾക്കായി തുടങ്ങിയ കോവിഡ് മരണ പോർട്ടലിൽ,(https://covid19.kerala.gov.in/deathinfo/
‘കോവിഡ് ഡിക്ലറേഷൻ ലിസ്റ്റ്’ എന്ന ഓപ്ഷനിൽ മരണപ്പെട്ട വ്യക്തി, മരണപ്പെട്ട ദിവസവും, ജില്ലയും കൊടുത്ത് സെർച്ച് ചെയ്യുക. പ്രസ്തുത ദിവസം മരണപ്പെട്ട , സർക്കാർ പ്രഖ്യാപിച്ച എല്ലാ വ്യക്തികളുടെയും പേരു വിവരങ്ങൾ ഇതിൽ കാണാം. ഇതിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർക്കാണ് ‘കോവിഡ്19 ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്'(DDD) ലഭിക്കുന്നത്. ഇത് കിട്ടിയിട്ടില്ലെങ്കിൽ അടുത്തുള്ള സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുക.
അപ്പീൽ നൽകുന്ന രീതി
പ്രസ്തുത ലിസ്റ്റിൽ മരണപ്പെട്ട ബന്ധുവിന്റെ പേര് ഇല്ലെങ്കിൽ, ഇതേ പോർട്ടലിലെ ഹോം പേജിൽ കാണുന്ന ‘അപ്പീൽ റിക്വസ്റ്റ്’ എന്ന ഓപ്ഷൻ വഴി അപ്പീൽ നൽകുക. ഇത് അടുത്തുള്ള അക്ഷയ കേന്ദ്രം വഴി ചെയ്യാവുന്നതാണ്.
അപ്പീൽ നൽകുന്നതിന് വേണ്ട രേഖകൾ:-
- പഞ്ചായത്ത് /മുനിസിപ്പാലിറ്റി നൽകിയ മരണസർട്ടിഫിക്കറ്റ്,
- മരണപ്പെട്ട വ്യക്തിയുടെയും, അപേക്ഷ നൽകുന്ന ബന്ധുവിന്റെയും തിരിച്ചറിയൽ രേഖ
- ആശുപത്രിയിൽ വച്ചുള്ള മരണം
ആണെങ്കിൽ , പ്രസ്തുത ആശുപത്രി തെരഞ്ഞെടുക്കുകയും, ആ ആശുപത്രിയിൽ നിന്നുള്ള ചികിത്സാ രേഖ, അപ്‌ലോഡ് ചെയ്യുകയുമാണ് ചെയ്യേണ്ടത്.
( ആശുപത്രിയിൽ വെച്ച് മരണപ്പെട്ട വ്യക്തികൾക്ക് ആശുപത്രിയിൽനിന്ന് രേഖ ലഭിച്ചിട്ടില്ലെങ്കിൽ ആശുപത്രി സൂപ്രണ്ടിനോട് ചികിത്സ രേഖകൾക്കായി ബന്ധുവിന് അപേക്ഷ എഴുതി നൽകാം)
വീട്ടിൽ വെച്ചാണ് മരണം എങ്കിൽ, ഏത് സർക്കാർ ആരോഗ്യസ്ഥാപനത്തിന്റെ പരിധിയിൽ ആണോ, മരണപ്പെട്ട വ്യക്തിയുടെ വീട് ഉൾപ്പെടുന്നത്, ആ സർക്കാർ ആശുപത്രി തെരഞ്ഞെടുക്കുകയും, കോവിഡ് ചികിത്സയുടെ എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അതോ, ഇല്ലെങ്കിൽ കോവിഡ് പൊസിറ്റിവ് ഫലം ഉള്ള രേഖയോ അപ്‌ലോഡ് ചെയ്യാം.
ഇത്രയും രേഖകൾ അപ്‌ലോഡ് ചെയ്ത് അപ്പീൽ സമർപ്പിച്ചാൽ, ഈ അപേക്ഷ രോഗി മരിച്ച ആശുപത്രിയുടേ പോർട്ടലിൽ ആണ് ആദ്യം എത്തുക (വീട്ടിൽവച്ച് മരണം ആണെങ്കിൽ ഏറ്റവും അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആണ് ഇത് അപ്പീൽ പോകുന്നത് ).
പ്രസ്തുത ആശുപത്രി, അപേക്ഷ സ്വീകരിച്ചാൽ, ‘your appeal has been accepted for review by the hospital’ എന്ന സ്റ്റാറ്റസ് കാണിക്കും. (പോർട്ടലിൽ ‘അപ്പീൽ request’ എന്ന ഓപഷ്ണിൽ, ‘check status’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് ബന്ധുവിന്റെ ഫോണ് നമ്പറും, അപ്പീൽ നമ്പറും കൊടുത്താൽ, അപ്പീലിൻറെ തസ്ഥിതി അറിയാം)
മരണം നടന്ന ആശുപത്രി ചെയ്യേണ്ട പ്രക്രിയ (വീട്ടിൽ വെച്ചുള്ള മരണം ആണെങ്കിൽ, ആ പരിധിയിൽ വരുന്ന സർക്കാർ ആരോഗ്യസ്ഥാപനം ചെയ്യേണ്ട പ്രക്രിയ)
ആശുപത്രികൾ അവർക്ക് ജില്ലയിൽ നിന്ന് ലഭിച്ചിട്ടുള്ള യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച്, ഡെത് റിപ്പോർട്ടിങ് പോർട്ടലിൽ, (https://deathreport.ehealth.kerala.gov.in/) കയറുകയും, അപ്പീൽ സെക്ഷനിൽ വന്നിട്ടുള്ള കേസുകൾ പരിശോധിക്കുകയും ചെയ്യാം. അപേക്ഷകൾ വന്നവ മുമ്പ് സർക്കാർ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്നു പരിശോധിക്കുകയാണ് ആദ്യ പടി. ഇതിനായി ഈ പോർട്ടലിൽ തന്നെ ഓപ്‌ഷൻ ഉണ്ട്. ഇതിൽ ഉൾപ്പെട്ട കേസുകൾ ആണെങ്കിൽ, ആശുപത്രിക്ക് ഈ കാരണം സെലക്ട് ചെയ്ത് നിരസിക്കാം. തെറ്റായ ആശുപത്രി ആണ് തെരഞ്ഞെടുത്തത് എങ്കിലും, നൽകിയ വിവരങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിലും, ഈ കാരണങ്ങൾ കാണിച്ചു നിരസിക്കാം. നിരസിച്ച കാരണം , മരിച്ച വ്യക്തിയുടെ ബന്ധുവിന് ‘സ്റ്റാറ്റസ്’ നോക്കുമ്പോൾ കാണാം.
പട്ടികയിൽ ഉൾപ്പെടാത്ത മരണങ്ങൾ ആണെങ്കിൽ, വിശദമായി പരിശോധിക്കാനായി, ആശുപത്രി, അപേക്ഷ സ്വീകരിച്ചാൽ , ‘your appeal accepted by the hospital for review’ എന്ന് ‘സ്റ്റാറ്റസ്’ നോക്കുമ്പോൾ ബന്ധുവിന് കാണാം.
ചികിത്സരേഖകൾപ്രകാരം കൂടുതൽ വിവരങ്ങൾ പ്രസ്തുത ആശുപത്രി ചേർത്ത്, മെഡിക്കൽ ബുള്ളറ്റിൽ ഓണലൈൻ ആയി ജില്ലാ കമ്മിറ്റിയിലേക്ക് സമർപ്പിക്കുകയും ചെയ്യുന്നതാണ് അടുത്ത പടി. ആശുപത്രി ഇത് ജില്ലാ കമ്മിറ്റിക്ക് ഓണലൈൻ ആയി സമർപ്പിച്ചു കഴിഞ്ഞാൽ, ‘സ്റ്റാറ്റസ്’ പരിശോധിക്കുന്ന ബന്ധുവിന്, ‘medical bulletin submitted by the hospital to CDAC’ എന്നു കാണാം.
ജില്ലാകമ്മിറ്റി നിശ്ചിത ഇടവേളകളിൽ കൂടുകയും, സർക്കാർ മാർഗനിർദേശ പ്രകാരം അപ്പീലുകൾ വിശകലനം ചെയ്ത് തീരുമാനമെടുക്കുകയും ചെയ്യുന്നു.
ജില്ലാകമ്മിറ്റി അപ്പീൽ സ്വീകരിക്കുന്ന പക്ഷം, സ്റ്റാറ്റസിൽ ‘your appeal has been approved by CDAC’ എന്നു കാണാം. അപ്പ്രൂവ് ആയവരുടെ സർട്ടിഫിക്കറ്റ് ഒന്നോ രണ്ടോ ആഴ്ച്ച സമയം കൊണ്ട്, ജില്ലയിൽനിന്ന് ബ്ളോക് ആരോഗ്യ സ്ഥാപനങ്ങളിലേക്കും, പിന്നീട് അവിടെ നിന്ന് മരണപ്പെട്ട വ്യക്തിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്‌ഥലത്തിന്റെ പരിധിയിൽ ഉള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിലും എത്തും. ഇവിടെ നിന്ന് ബന്ധുക്കളെ ബന്ധപ്പെടുകയും, അവർക്ക് ഈ സ്ഥാപനങ്ങളിൽ വന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും ചെയ്യാം.
• ലഭിച്ച സർട്ടിഫിക്കറ്റ് (ഡെത് ഡിക്ളറേഷൻ ഡോക്യുമെന്റ്/ICMR സർട്ടിഫിക്കറ്റ്) എന്തെങ്കിലും തിരുത്തുകൾ ഉണ്ടെങ്കിൽ ചെയ്യേണ്ടത് എന്ത്?
ലഭിച്ച സർട്ടിഫിക്കറ്റ് എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ പോർട്ടൽ വഴി തന്നെ ‘സർട്ടിഫിക്കറ്റ് കറക്ഷൻ റിക്വസ്റ്റ്’ എന്ന ഓപ്ഷൻ വഴി അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നോ അല്ലെങ്കിൽ നേരിട്ട് കമ്പ്യൂട്ടർ വഴിയോ അപേക്ഷ നൽകാവുന്നതാണ്. ഇതിനായി ശരിയായ വിവരങ്ങൾ അടങ്ങിയ തിരിച്ചറിയൽരേഖ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
• ‘ഐസിഎംആർ സർട്ടിഫിക്കറ്റ് റിക്വസ്റ്റ്’ എന്ന ഓപ്ഷൻ എന്തിനാണ് ? ഈ സർട്ടിഫിക്കറ്റ് ആവശ്യമെന്താണ് ?
സർക്കാർ മരണപട്ടികയിൽ ഉൾപ്പെടാത്ത വർക്ക്, ഉള്ള ഓപ്‌ഷൻ അല്ല ഇത്. പട്ടികയിൽ ഉൾപ്പെടാത്തവർ ‘അപ്പീൽ റിക്വസ്റ്’ എന്ന ഓപ്‌ഷൻ തന്നെ നല്കണം.
ഐ.സി.എം.ആർ സർട്ടിഫിക്കറ്റ് എന്ന ഓപ്ഷൻ നൽകേണ്ടത് , കോവിഡ് മരണപട്ടികയിൽ പേരുള്ളതും, ഒരിക്കൽ കോവിഡ് ഡെത് ഡിക്ലറേഷൻ ഡോക്യുമെന്റ് ലഭിച്ചവരും മാത്രമാണ്. കേരള സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഡെത് ഡിക്ലറേഷൻ ഡോക്യുമെന്റോ, ICMR സര്ടിഫിക്കറ്റോ , ഇവയിൽ ഏതെങ്കിലും ഒന്നു മതിയാവും. ഇതിനാൽ തന്നെ ICMR സർട്ടിഫിക്കറ്റ്, നിലവിലുള്ള ധനസഹായ പദ്ധതിയ്ക്ക് നിര്ബന്ധമുള്ളതല്ല. എങ്കിലും icmr സർട്ടിഫിക്കറ്റ് കൂടി വേണം എന്ന് ആഗ്രഹമുള്ളവർക്ക്, വേണമെങ്കിൽ ഈ ഓപ്‌ഷൻ വഴി അപേക്ഷിക്കാം. ഇതിനായി ലഭിച്ചിട്ടുള്ള ഡെത് ഡിക്ലറേഷൻ ഡോക്യുമെൻററിലെ നമ്പർ നൽകിയാണ് അപ്ലൈ ചെയ്യേണ്ടത്