കാട്ടുപന്നി ഓട്ടോറിക്ഷ കുത്തിമറിച്ചു; ഡ്രൈവർക്ക് സാരമായ പരിക്ക്
അടിമാലി: ഖജനാപ്പാറക്ക് സമീപം മീന്‍ വില്‍പനക്കാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം.ഓട്ടോറിക്ഷയില്‍ പച്ചമീന്‍ കച്ചവടം ചെയ്യുന്ന ഖജനാപ്പാറ വെള്ളിവിളന്താല്‍ വലിയപറമ്പിൽ സജിക്കാണ് സാരമായി പരിക്കേറ്റത്. അതിരാവിലെ രാജകുമാരി ടൗണില്‍നിന്ന് വില്‍പനക്കായി മീനെടുക്കാന്‍ പോകുമ്പോഴായിരുന്നു ഓട്ടോക്കുനേരെ കാട്ടുപന്നി ആക്രമണം. റോഡിനു നടുവിലൂടെ പാഞ്ഞുവന്ന കാട്ടുപന്നി സജി ഓടിച്ചിരുന്ന ഓട്ടോയില്‍ ശക്തമായി കുത്തുകയായിരുന്നു. നിയന്ത്രണം തെറ്റിയ ഓട്ടോ റോഡിലേക്ക് മറിഞ്ഞു.
വീഴ്ചയില്‍ സജിയുടെ ദേഹമാസകലം ചതവും പരിക്കുകളും പറ്റി. കഴിഞ്ഞ ആഴ്ചയിലാണ് കാട്ടുപന്നി ആക്രമണത്തില്‍ ബി. ഡിവിഷന്‍ സ്വദേശി രാജേഷിന് സാരമായ പരിക്ക് പറ്റിയത്
കഴിഞ്ഞവര്‍ഷം ബി.ഡിവിഷന്‍ സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിരുന്നു. വന്യജീവികളുടെ ആക്രമണത്തില്‍നിന്ന് ജീവനും സ്വത്തും സംരക്ഷിക്കാന്‍ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.