മറയൂർ– കാന്തല്ലൂർ മലനിരകളിൽ ശക്തമായ മഴ, മൂടൽമഞ്ഞ്; സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്

മറയൂർ ∙ മറയൂർ– കാന്തല്ലൂർ മലനിരകളിൽ ശക്തമായ മഴയും കനത്ത മൂടൽമഞ്ഞും. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചിരുന്ന പ്രദേശത്ത് ഞായർ രാവിലെ മുതൽ മഴ ശക്തമായി. തിങ്കളാഴ്ച മഴ അൽപം കുറഞ്ഞിട്ടുണ്ട്. മറയൂർ– കാന്തല്ലൂർ റോഡിലുൾപ്പെടെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ പകലും രാത്രിയും മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടൽമഞ്ഞ് കാഴ്ച പരിധി കുറച്ചതോടെ വാഹനങ്ങൾ ഹെഡ്ലൈറ്റ് തെളിച്ചാണ് സഞ്ചരിക്കുന്നത്. ശക്തമായ മഴയും മൂടൽമഞ്ഞും റോഡ് ഗതാഗതത്തെയും ബാധിക്കുന്നുണ്ട്. മഴ ശക്തമായതോടെ മേഖലയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായി. അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ സാധാരണയായി ധാരാളം സഞ്ചാരികൾ എത്താറുണ്ടെങ്കിലും ഇത്തവണ തിരക്ക് കുറവായിരുന്നു. തമിഴ്നാട്ടിലും ശക്തമായ മഴ തുടരുന്നതിനാൽ അവിടെ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതായാണ് വിലയിരുത്തൽ. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ല.




































































































































