ഇനിയില്ല ‘കിളി’ക്കൊഞ്ചൽ; മാതാപിതാക്കൾ എത്തും മുന്നേ നോവ യാത്രയായി

കട്ടപ്പന ∙ തന്നെ കാണാനായി ജർമനിയിലേക്കു കുടുംബം എത്തുന്നതിനു തൊട്ടുമുൻപ്, തീരാനോവായി ‘കിളി’യുടെ വേർപാട്. വീട്ടുകാരുടെ പ്രിയപ്പെട്ട ‘കിളി’ ആയിരുന്നു നോവ സാബു. പിതാവ് ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ടേൽ കെ.പി.സാബുവും അമ്മ ജ്യോതിയും അടുത്തമാസം ജർമനിയിൽ മകളുടെ അടുത്തേക്കു പോകാനിരിക്കുകയായിരുന്നു. ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് നേഹയും 2 സുഹൃത്തുക്കളും മരിച്ചത്.
ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽനിന്നു പ്ലസ്ടു പൂർത്തിയാക്കിയ നോവ പുളിയൻമല ക്രൈസ്റ്റ് കോളജിൽ ബികോം ടാക്സേഷൻ പൂർത്തിയാക്കിയിരുന്നു. തുടർന്ന് എറണാകുളത്തുനിന്ന് ജിം ട്രെയിനർ കോഴ്സ് പൂർത്തിയാക്കി. അതിനുശേഷം ഇരട്ടയാറിലെ ജിമ്മിൽ ട്രെയ്നറായി ജോലി ചെയ്തുവരുന്നതിനിടെയാണു ജർമനിയിലേക്കു പോയത്. അവിടെ ജിം ട്രെയ്നറായി ജോലി ചെയ്തിരുന്നു. മറ്റൊരിടത്തു ജോലി കണ്ടെത്താനായി ശ്രമിച്ചുവരുകയായിരുന്നു. അവിടുള്ള ഹോട്ടലിൽ താമസിച്ചിരുന്ന നോവ, സുഹൃത്തായ കൊല്ലം സ്വദേശിനി താമസിക്കുന്ന അപ്പാർട്മെന്റിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണു വിവരം.




































































































































