നീലവസന്തം വിരുന്നെത്തിയ ചൊക്രമുടിയിൽ ഇപ്പോൾ നിറയെ കടന്നലും പാമ്പും എലികളും; ജാഗ്രത വേണമെന്ന് വനംവകുപ്പ്

രാജകുമാരി ∙ നീലവസന്തം വിരുന്നെത്തി മടങ്ങിയ ചൊക്രമുടി മലനിരകളിലേക്കുള്ള യാത്രയിൽ ജാഗ്രത വേണമെന്ന് വനം വകുപ്പ്. നീലക്കുറിഞ്ഞി പൂത്തതിനാൽ തേനീച്ച, കടന്നൽ എന്നിവ പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൊക്രമുടിയിൽ നീലകുറിഞ്ഞി കാണാൻ സഞ്ചാരികളെത്തിയപ്പോൾ കടന്നൽ കൂട്ടമിളകിയത് ആശങ്ക സൃഷ്ടിച്ചു. കടന്നലുകൾ ആരെയും ആക്രമിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കടന്നൽ കൂടിളകിയെത്തിയതോടെ സന്ദർശകർ നിലത്തുകിടന്നും ഇരുന്നുമാണു രക്ഷപെട്ടത്. രണ്ടാഴ്ച മുൻപ് ചിന്നക്കനാൽ അറുപതേക്കറിൽ നീലക്കുറിഞ്ഞി കാണാനെത്തിയ 8 കേറ്ററിങ് കോളജ് വിദ്യാർഥികൾക്കാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ കുത്തേറ്റു പല വഴിക്ക് ഓടിയ വിദ്യാർഥികളെ 5 മണിക്കൂറോളം നീണ്ട ദൗത്യത്തിനാെടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും ചേർന്നു സുരക്ഷിത സ്ഥാനത്തെത്തിച്ചത്. കുറിഞ്ഞിയുടെ ഉണങ്ങിയ വിത്ത് ഭക്ഷിക്കാൻ എലികളും കൂട്ടമായി ഇത്തരം സ്ഥലങ്ങളിലേക്ക് എത്തുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
ഇൗ എലികളെ ഇരയാക്കുന്നതിന് പല തരം പാമ്പുകളുമെത്തും. ഇത് കൂടാതെ പല തരം ഷഡ്പദങ്ങളും ചെറു ജീവികളും നീലക്കുറിഞ്ഞി പൂത്ത സ്ഥലങ്ങളിലെത്തും. ചൊക്രമുടിയിൽ നീലക്കുറിഞ്ഞി ഉദ്യാന സന്ദർശനത്തിന് ഔദ്യോഗിക വിരാമമായെങ്കിലും ഇപ്പോഴും ഒട്ടേറെ ആളുകളാണ് ഇവിടേക്കു വരുന്നത്. വനംവകുപ്പ് ഒരാൾക്ക് 500 രൂപ വീതം ഫീസ് ഇൗടാക്കിയാണ് ചൊക്രമുടി ട്രെക്കിങ്ങിന് സൗകര്യമാെരുക്കുന്നത്. വനംവകുപ്പ് വാച്ചറുടെ സേവനവും ലഭ്യമാണ്. ട്രെക്കിങ് പാതയിലൂടെ മാത്രമാണ് സഞ്ചാരികൾക്ക് മല കയറാൻ അനുവാദമുള്ളൂ




































































































































