ഇടുക്കി ജില്ലയിൽ 16ന് സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് പിന്തുണയുമായി കർഷകസംഘം

കട്ടപ്പന ∙ ഇടുക്കി ജില്ലയെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ 16ന് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ ഹർത്താലിനെ പിന്തുണയ്ക്കുമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി. ഇഎസ്എ വനഭൂമിയിൽ മാത്രമായി നിജപ്പെടുത്തണമെന്ന മുൻ എൽഡിഎഫ് സർക്കാരിന്റെ നിലപാട് തള്ളിക്കൊണ്ട് യുഡിഎഫ് സർക്കാർ സമർപ്പിച്ച നിർദേശങ്ങളിലെ അവ്യക്തത തിരുത്തണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ സിഎച്ച്ആർ വനപ്രദേശമാണെന്ന നിലപാടിനെതിരെയും വന്യജീവി സഞ്ചാരപാത പുനഃസ്ഥാപനത്തിന്റെ മറവിൽ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെയും കലക്ടറുടെ ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഹർത്താൽ നടത്തുന്നത്.
യുഡിഎഫ് പുതുതായി നൽകിയ നിർദേശങ്ങളിൽ ഏറെ അവ്യക്തതയുണ്ട്. എൽഡിഎഫ് സർക്കാർ മുൻപ് വനവിസ്തൃതിയായി കാണിച്ചിരുന്ന 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്റർ പരിധി ഇപ്പോൾ സമ്പൂർണ പശ്ചിമഘട്ട ഇഎസ്എ ലാൻഡ്സ്കേപ്പായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒഴിവാക്കിയ 33 വില്ലേജുകളിൽ വനഭൂമിയില്ലെന്ന എൽഡിഎഫ് നിലപാട് തിരുത്തിക്കൊണ്ട് വനഭൂമിയും വന്യജീവി സങ്കേതങ്ങളും സംരക്ഷിത പ്രദേശങ്ങളുമുണ്ടെന്നുമാണ് യുഡിഎഫ് നിലപാട്.
പുതിയ റിപ്പോർട്ടിൽ സിഎച്ച്ആർ വനമാണെന്ന പരാമർശം ഏറെ ഗൗരവതരമാണ്. യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച നിർദേശങ്ങളും കഡസ്ട്രൽ മാപ്പ് ഉൾപെടെയുള്ള അനുബന്ധ രേഖകളും പ്രസിദ്ധീകരിക്കണം. സിഎച്ച്ആർ വനഭൂമിയായി വിജ്ഞാപനം ചെയ്യപ്പെട്ടിരുന്ന പ്രദേശമാണെന്നും ഇപ്പോൾ കേന്ദ്ര-സംസ്ഥാന വന നിയമങ്ങൾ ബാധകമായ പ്രദേശമാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ ജനവാസ കേന്ദ്രങ്ങൾ മുൻകാലത്ത് റിസർവ് വനമായിരുന്നെന്നും പിന്നീട് ഡീ നോട്ടിഫൈ ചെയ്തതാണെന്നുമുള്ള പരാമർശങ്ങൾ തെറ്റാണ്. ഇത് സുപ്രീംകോടതിയിൽ നിലവിലുള്ള സിഎച്ച്ആർ കേസിനെ ദുർബലപ്പെടുത്തും.
വന്യജീവി കോറിഡോർ എന്ന ആശയം മറയാക്കി ജനവാസ കേന്ദ്രങ്ങളിലെ വേലികളും മതിലുകളും നീക്കംചെയ്യാൻ അധികാരം നൽകുന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വന്യജീവി സഞ്ചാരപാത സംരക്ഷണ ഉത്തരവ് ആശങ്കാജനകമാണ്. തോട്ടം മേഖലയിലെ രാത്രികാല സഞ്ചാര നിയന്ത്രണവും ഗുരുതരഫലങ്ങൾ ഉണ്ടാക്കും. ഉമ്മൻചാണ്ടി സർക്കാർ കരാറാക്കുകയും പിന്നീട് എൽഡിഎഫ് സർക്കാർ ഉപേക്ഷിക്കുകയും ചെയ്ത ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ് പദ്ധതി ഒളിച്ചുകടത്തി നടപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണ് കലക്ടറുടെ ഉത്തരവുകൾ. ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലയിലെ എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും 13ന് പ്രകടനവും പൊതുയോഗവും നടത്തുമെന്നും ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മാത്യു ജോർജ് എന്നിവർ പറഞ്ഞു.




































































































































