രാജാന്ത്യര വിപണിയിൽ ഏലയ്ക്കയുടെ ആധിപത്യം, റബറിന് തിരിച്ചടി

തുലാവർഷ മേഘങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ് കാർഷിക കേരളം. പ്രകൃതി അനുകൂലമായാൽ ഏലക്ക ഉൽപ്പാദനം ഉയർത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഹൈറേഞ്ചിലെ കർഷകർ. വടക്കുകിഴക്കൻ മൺസൂണിന്റെ പുരോഗതിയെ ആശ്രയിച്ചായിരിക്കും മുന്നിലുള്ള മാസങ്ങളിൽ സുഗന്ധറാണിയുടെ ഉൽപ്പാദനം ഉയരുക. ആഗസ്റ്റിലെ മഴക്കുറവ് പൂവിടലിനെയും കായ്പിടിത്തത്തെയും ബാധിച്ചതോടെ ഏലച്ചെടികളുടെ വളർച്ചയും മന്ദഗതിയിലായി. തുലാമഴ സജീവമായാൽ വർഷാന്ത്യം വരെ ഉൽപ്പാദനം ഉയർത്തി ആഭ്യന്തര, വിദേശ വിപണികളിലെ ഡിമാൻഡിന്റെ നേട്ടം കൊയ്യാനാകുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ഉയർന്ന വില മുൻനിർത്തി കർഷകർ വളം, കീടനാശിനി പ്രയോഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. മഴ അനുകൂലമായാൽ മികച്ച നേട്ടം കൈവരിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇന്ന് ശരാശരി ഇനങ്ങൾക്ക് കിലോഗ്രാമിന് 3147 രൂപയും മികച്ച ഇനങ്ങൾക്ക് 3667 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ ഏലക്കയുടെ ആധിപത്യം തുടരുകയാണ്. അതേസമയം, ജനുവരി – ആഗസ്റ്റിൽ ഗ്വാട്ടിമാല ഏകദേശം 17,000 ടൺ ഏലക്ക വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് ഗ്വാട്ടിമാലയുടെ കയറ്റുമതിയിൽ ഏകദേശം 80 ശതമാനം വർധനയുണ്ടായി.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ തുടർച്ചയായ രണ്ടാം ദിവസവും റബറിന് തിരിച്ചടി. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ലാഭമെടുപ്പ് ഇടപാടുകാർ ഇന്നും തുടർന്നതോടെ റബർ വില കിലോഗ്രാമിന് 460 യെന്നിൽ നിന്ന് 450 യെനിലേക്ക് ഇടിഞ്ഞു. ഇന്നലത്തെ ഉയർന്ന വിലയായ 468 യെനിൽനിന്ന് 18 യെൻ കുറഞ്ഞു. തായ്ലൻഡിൽ ഇന്ന് ദേശീയ അവധിയായതിനാൽ ബാങ്കോക്ക് വിപണി പ്രവർത്തിച്ചില്ല.
സംസ്ഥാനത്ത് റബർ ടാപ്പിങ് സജീവമാണെങ്കിലും വിപണികളിൽ ഷീറ്റ് വരവ് ശക്തമല്ല. അനുകൂല കാലാവസ്ഥയിൽ പല പ്രദേശങ്ങളിലും മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത ഉയരുന്നുണ്ട്. ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ കിലോഗ്രാമിന് 281 രൂപയ്ക്ക് സംഭരിച്ചു. നാലാം ഗ്രേഡിന് 285 രൂപ രേഖപ്പെടുത്തി.
വിജയദശമി വേളയിലെ ഡിമാൻഡിൽ പ്രതീക്ഷയർപ്പിച്ച കാങ്കയത്തെ കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണ വില ക്വിന്റലിന് 100 രൂപ ഉയർത്തി. ഇതിന്റെ ചുവടുപിടിച്ച് സ്റ്റോക്കിസ്റ്റുകൾ കൊപ്രയ്ക്കും 100 രൂപ വർദ്ധിപ്പിച്ചു. എന്നാൽ ഉയർന്ന വിലയ്ക്ക് എണ്ണ സംഭരിക്കാൻ കേരളത്തിലെ ഇടപാടുകാർ ഉത്സാഹം കാണിച്ചില്ല. കൊച്ചിയിൽ നാളികേരോൽപ്പന്നങ്ങളുടെ വില സ്ഥിരതയോടെ നീങ്ങിയപ്പോൾ കോഴിക്കോട്, തൃശൂർ വിപണികളിൽ കൊപ്രവില ഉയർന്നു.




































































































































