നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്. കെ സി വേണുഗോപാലിനും എ പി അനില്‍കുമാറിനും ജെബി മേത്തറിനും എതിരായ പ്രചരണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കും. നേതാക്കള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുവെന്ന വിലയിരുത്തലിലാണ് നീക്കം. കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റും റവന്യു മന്ത്രിയുമായി എ പി അനില്‍കുമാര്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍, ജെബി മേത്തര്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ ഭിന്നതയ്ക്ക് ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ് ആസൂത്രിതമായ ആക്രമണം വരുന്നത് എന്നാണ് കെ സിയെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നത്. ഇപ്പോള്‍ ഇതിന് തിരിച്ചടിക്കുള്ള നീക്കം കെ സി വേണുഗോപാല്‍പക്ഷം നടത്തുന്നുവെന്നാണ് മനസിലാകുന്നത്.
ഇന്നലെ മുതല്‍ തന്നെ കെസിയേയും ജെബി മേത്തറിനെയുമൊക്കെ പിന്തുണച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ഫീഡുകളില്‍ വരുന്നുണ്ട്. ഇന്ന് രാവിലെ കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് സൈബര്‍ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ അപലപനീയമാണ്, ഒരുതരത്തിലും മാന്യതയ്ക്കും അന്തസിനും ചേര്‍ന്നതല്ല എന്ന് വിമര്‍ശിച്ചുകൊണ്ടാണ് കെ സി അനുയായിയായ സുരേഷ് പോസ്റ്റിട്ടത്.

















































































































































