‘നീതി ലഭിക്കുമോയെന്ന് സംശയം, കുടുംബത്തെ അപമാനിക്കാൻ ശ്രമം, നേതാക്കൾ മാന്യത കാണിക്കണം’: ആരോപണവുമായി മരിച്ച ഗോപികയുടെ കുടുംബം

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ അട്ടിമറി നടക്കുന്നതായി സംശയമുണ്ടെന്ന് അപകടത്തിൽ മരിച്ച ഗോപിയുടെ കുടുംബം. മകനുവേണ്ടി കോടീശ്വരനായ വ്യവസായിയുടെ കുടുംബം സ്വാധീനം ഉപയോഗിക്കുന്നതായാണ് സംശയം. പ്രതിയെ ജുവനൈൽ ഹോമിലേക്ക് വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന ഗോപികക്കെതിരെ മരണ ശേഷവും വലിയ സൈബർ അധിക്ഷേപമാണ് ഉണ്ടാകുന്നതെന്ന് കുടുംബം പരാതിപ്പെട്ടു. ഗോപികയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് തുന്നിക്കെട്ടിയ ശേഷം വീണ്ടും രക്ത സാംപിൾ ശേഖരിച്ചതിൽ സംശയമുണ്ട്. നീതി കിട്ടുമോ എന്ന് ഭയമുണ്ടെന്നും അച്ഛൻ പറഞ്ഞു. മകൾക്ക് നീതി കിട്ടണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപികയുടെ അമ്മയും പ്രതികരിച്ചു.
വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉൾപ്പെടെ മകളെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിക്കുകയാണ്. ആലപ്പുഴക്കാരായ മന്ത്രിമാർ ആലപ്പുഴക്കാരായ കോടീശ്വരന്റെ സ്വാധീനത്തിന് വഴങ്ങരുതെന്ന് കുടുംബം അപേക്ഷിച്ചു. മരിച്ച ഗോപികയുടെ അച്ഛൻ പ്രദീപ് പാലക്കാട് കരിമ്പയിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. അമ്മ സജിത ഒരു റബ്ബർ ഷീറ്റ് കടയിലാണ് ജോലി ചെയ്യുന്നത്. എറണാകുളത്ത് പാർട് ടൈം ജോലി ചെയ്ത് പഠിച്ച ഗോപിക കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.




































































































































