ജപ്പാനെതിരായ ടി20 പോരാട്ടം, സഞ്ജുവിനൊപ്പം ഓപ്പണറായി വൈഭവ്, അഭിഷേക് ശർമക്ക് വിശ്രമം; സാധ്യതാ ഇലവൻ

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇരു രാജ്യങ്ങളും ടി20 ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നു.
ചരിത്രത്തിലാദ്യമായി രാജ്യാന്തര ടി20 മത്സരത്തിൽ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടാനിറങ്ങുകയാണ്. നാളെ ജപ്പാനിലെ സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് കൂടിയാണ് ജപ്പാനെതിരായ മത്സരം. ഏഷ്യൻ ഗെയിംസിൽ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ മത്സരം 28നാണ്.
കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന് എത്തിയതെങ്കിലും റാങ്കിംഗിൽ 41-ാം സ്ഥാനത്തുള്ള ജപ്പാനെതിരെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയ്ക്ക് അവസരം നൽകാനാണ് ടീം മാനേജ്‌മെന്‍റിന്‍റെ നീക്കം.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ പുറത്തിരിക്കേണ്ടി വന്ന യുവതാരം വൈഭവ് സൂര്യവംശിക്ക് ജപ്പാനെതിരെ ഓപ്പണറായി അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. അഫ്ഗാനെതിരെ മൂന്ന് മത്സരങ്ങളിലും വൈഭവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറി നേടിയെങ്കിലും ഓപ്പണർ അഭിഷേക് ശർമയ്ക്കും ഏഷ്യൻ ഗെയിംസ് മത്സരങ്ങള്‍ കണക്കിലെടുത്ത് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.
അഭിഷേകിന് വിശ്രമം അനുവദിച്ചാൽ മലയാളി താരം സഞ്ജു സാംസണൊപ്പം ആദ്യമായി വൈഭവ് സൂര്യവംശി ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
തകർപ്പൻ ഫോമിലുള്ള വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും വിശ്രമം നൽകാൻ സാധ്യതയുണ്ട്. കിഷന്‍ പുറത്തിരുന്നാൽ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചേക്കും.
നിതീഷ് കുമാർ റെഡ്ഡി ഏകദിന ടീമിലേക്ക് പോയ സാഹചര്യത്തിൽ പരിക്കേറ്റ വരുൺ ചക്രവർത്തിക്ക് പകരം ടീമിലെത്തിയ സ്പിൻ ഓൾറൗണ്ടർ വിപ്രജ് നിഗമും ജപ്പാനെതിരെ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും.
ഏഷ്യൻ ഗെയിംസ് കണക്കിലെടുത്ത് പേസര്‍ ജസ്പ്രീച് ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ അഫ്ഗാനെതിരെ അവസാന മത്സരത്തില്‍ പുറത്തിരുന്ന പേസര്‍ അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തും.
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, വാഷിംഗ്ടൺ സുന്ദർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, വിപ്രാജ് നിഗം, ശിവം ദുബെ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, യാഷ് ഠാക്കൂർ, അർഷ്ദീപ് സിംഗ്.









































































































































