തെങ്ങിനെയും തേങ്ങയെയും അടുത്തറിഞ്ഞ് കാഞ്ചിയാർ ഗവ. ട്രൈബൽ സ്കൂളിലെ കുട്ടികൾ. ലോക നാളികേര ദിനത്തിൽ തെങ്ങിൻചുവട്ടിൽ നിന്ന് കരിക്കിൻ ജ്യൂസ് കഴിച്ചു

കാഞ്ചിയാർ: ലോക നാളികേര ദിനത്തോടനുബന്ധിച്ച് കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ നാളികേരത്തിന്റെ പ്രാധാന്യവും കേരളീയ ജീവിതത്തിൽ തെങ്ങിനുള്ള സ്ഥാനവും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വേറിട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കേരളത്തിന്റെ കല്പവൃക്ഷം എന്നറിയപ്പെടുന്ന തെങ്ങിന്റെ ഓരോ ഭാഗവും മനുഷ്യജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തി. തെങ്ങിന്റെ തടി, ഓല, മടൽ, ചിരട്ട,കരിക്ക് , തേങ്ങ, തേങ്ങാവെള്ളം, കൊപ്ര, വെളിച്ചെണ്ണ, കയർ തുടങ്ങിയവയുടെ വിവിധ ഉപയോഗങ്ങളും നാളികേര കൃഷിയുടെ പ്രാധാന്യവും കുട്ടികൾ മനസ്സിലാക്കി.
തേങ്ങ ഭക്ഷണത്തിന്റെ ഭാഗം മാത്രമല്ലെന്നും കേരളത്തിന്റെ കാർഷിക സംസ്കാരത്തോടും സാമ്പത്തിക ജീവിതത്തോടും പരിസ്ഥിതിയോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന വിളയാണെന്നും പ്രധാനാധ്യാപിക ലിൻസി ജോർജ് കുട്ടികൾക്ക് വിശദീകരിച്ചു. തേങ്ങയിൽ നിന്ന് ലഭിക്കുന്ന തേങ്ങാപ്പാൽ, വെളിച്ചെണ്ണ, കൊപ്ര തുടങ്ങിയവയും ചിരട്ടയും ഓലയും ഉൾപ്പെടെയുള്ള ഉപോൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ഉപയോഗങ്ങളും അദ്ധ്യാപകർ പരിചയപ്പെടുത്തി.
തുടർന്ന് കുട്ടികൾക്ക് കൂടുതൽ കൗതുകം പകരുന്ന രീതിയിൽ സ്കൂൾ മുറ്റത്തുള്ള തെങ്ങിൻ ചോട്ടിലിരുന്ന് കരിക്കിൻ ജ്യൂസ് തയ്യാറാക്കി നൽകി. കരിക്കിൻ വെള്ളത്തിന്റെ പോഷകഗുണങ്ങളും ആരോഗ്യപ്രാധാന്യവും കുട്ടികൾക്ക് പരിചയപ്പെടുത്തി. കരിക്ക് ഉപയോഗിച്ച് തയ്യാറാക്കിയ ജ്യുസ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. തേങ്ങയുമായി ബന്ധപ്പെട്ട വിവിധ ഭക്ഷ്യവിഭവങ്ങളെക്കുറിച്ച് ഭക്ഷണം പാചകം ചെയ്യുന്ന അമ്മിണി ജോസഫ് കുട്ടികളെ പരിചയപ്പെടുത്തി . തേങ്ങയുടെ ചിരട്ട, ഓല തുടങ്ങിയവ വലിച്ചെറിയാതെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും അവയുടെ പുനരുപയോഗത്തിലൂടെ മാലിന്യം കുറയ്ക്കാമെന്നും കുട്ടികൾ മനസ്സിലാക്കി. വിദ്യാർത്ഥികളായ അനന്യ അജിത്ത്, അഭിനിധി അനിൽ അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ,അമലു മാത്യു, അനുഷ ഷാജി, വിഷ്ണു ഗോപാലകൃഷ്ണൻ , ലിബിയ ജയിംസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




































































































































