കാർഷികവിപ്ലവം തന്നെ; പക്ഷേ, സുതാര്യമാകണം

ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ സംബന്ധിച്ച അവകാശവാദങ്ങൾ ഊതിപ്പെരുപ്പിച്ചതാണെന്നും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പ്രസിദ്ധീകരിച്ച ഡാറ്റ ഇതിനെ പിന്താങ്ങുന്നില്ലെന്നും ആരോപിച്ച് ഒരു വിഭാഗം പരിസ്ഥിതി സംഘടനകൾ അടുത്തിടെ രംഗത്ത് വന്നിട്ടുണ്ട്. 2023, 2024 വർഷങ്ങളിലെ പരീക്ഷണ ഡാറ്റ പരിശോധിച്ചപ്പോൾ അവകാശവാദവും യഥാർഥ ഫലവും തമ്മിൽ വലിയ അന്തരം കണ്ടെത്തി. പൂസ റൈസ് ഡിഎസ്ടി1 ഇനം മാതൃ ഇനത്തിന്റെ വിളവുപോലും നൽകിയില്ല. വരൾച്ചാ പ്രതിരോധശേഷി, ഉപ്പുരസത്തോടുള്ള പ്രതിരോധശേഷി എന്നിവ തെളിയിക്കാനായില്ല. ചുരുക്കം പരീക്ഷണകേന്ദ്രങ്ങളിൽ മാത്രമാണ് ഉത്പാദനവർധന രേഖപ്പെടുത്തിയത്. മറ്റു കേന്ദ്രങ്ങളിലെ കുറവ് മറച്ചുവച്ച്, അതുമാത്രം ഉയർത്തിക്കാട്ടുകയായിരുന്നു എന്നാണ് ആരോപണം.
കമല എന്ന ജീൻ എഡിറ്റഡ് നെല്ലിനം അഖിലേന്ത്യാതലത്തിൽ മാതൃ ഇനമായ സാംബ മഷൂറിയേക്കാൾ നാലു ശതമാനം വിളവു കുറവാണ് രേഖപ്പെടുത്തിയത്. 20 ദിവസം മുമ്പേ മുപ്പെത്തുമെന്ന അവകാശവാദവും തെളിയിക്കാനായില്ല. കൃത്യമായി പരീക്ഷിക്കപ്പെടാത്തതും കാര്യക്ഷമത കുറഞ്ഞതും സുരക്ഷിതമല്ലാത്തതുമാണ് ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ. ഇത് കേന്ദ്രം തിടുക്കത്തിൽ പുറത്തിറക്കിയത് ആഗോള മുന്നേറ്റം എന്ന അവകാശവാദം ഉയർത്താൻവേണ്ടി മാത്രമാണ്. ഇതിനു വേണ്ട ഡാറ്റ വ്യാജമായി നിർമിച്ചതാണെന്നാണ് ‘ദി കോയലിഷൻ ഫോർ എ ജിഎം-ഫ്രീ ഇന്ത്യ’ എന്ന സംഘടനയുടെ നിലപാട്. കഴിഞ്ഞ ജൂണിൽ 20 കൃഷിശാസ്ത്രജ്ഞരുടെ ഒരു സംഘവും ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ പുറത്തിറക്കുന്നതിനെതിരേ പ്രസ്താവന ഇറക്കിയിരുന്നു.
ജൈവസുരക്ഷാ മാനദണ്ഡം കർശനമാക്കണം
എന്നാൽ, ഈ സംഘടനയുടെ ആരോപണം തെറ്റിദ്ധാരണാജനകമാണെന്നാണ് കാർഷിക ഗവേഷണകേന്ദ്രത്തിന്റെ വാദം. ജീൻ എഡിറ്റഡ് വിത്തിനങ്ങൾക്ക് സാധാരണ വിത്തിനങ്ങൾ പുറത്തിറക്കുമ്പോൾ പിന്തുടരുന്ന നടപടിക്രമങ്ങൾ പാലിച്ചാൽ മതിയെന്നാണ് ഐസിഎആറിന്റെ അഭിപ്രായം. എന്നാൽ, ഒരു വിഭാഗം കൃഷിശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും ഇതിനെ എതിർക്കുന്നു. ജിഎം വിളകളുടെ അതേ ജൈവസുരക്ഷാ മാനദണ്ഡങ്ങൾ ജീൻ എഡിറ്റഡ് വിളകൾക്കും ബാധകമാക്കണം. ജീൻ എഡിറ്റഡ് വിളകളെ 2022ൽ കർശനമായ സുരക്ഷാ പരീക്ഷണങ്ങളിൽനിന്നു കേന്ദ്രം ഒഴിവാക്കിയത് കോർപറേറ്റ് സ്വാധീനത്തിനു വഴങ്ങിയാണ്.
ജിഎം വിളകളെ ഇന്ത്യൻ കാർഷിക മേഖലയിലേക്ക് ഒളിച്ചുകടത്താനുള്ള കോർപറേറ്റ് അജൻഡയാണ് ഈ നെല്ലിനങ്ങൾ തിടുക്കത്തിൽ പുറത്തിറക്കിയതിനു പിന്നിൽ. ജീൻ എഡിറ്റഡ് വിളകൾക്ക് ജിഎം വിളകളുടെ അതേ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസിന്റെ 2018ലെ വിധിയും പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തത് പൊതുമേഖലയിലുള്ള കാർഷിക ഗവേഷണ സ്ഥാപനങ്ങളാണ്. എന്നാൽ, ഉപയോഗിച്ചിരിക്കുന്നത് കുത്തക കമ്പനികൾക്ക് ബൗദ്ധിക സ്വത്തവകാശമുള്ള ടെക്നോളജിയും. ഇത് വിത്തിനങ്ങളുടെമേൽ കർഷകർക്കുള്ള അവകാശങ്ങളിൽ കോർപറേറ്റുകൾ കടന്നുകയറാൻ ഇടയാക്കും. വിത്തിന്റെ വില കുതിച്ചുയരും. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെയാണ് ഐസിഎആർ തിടുക്കത്തിൽ വിത്തിനങ്ങൾ പുറത്തിറക്കിയത്. പാരിസ്ഥിതികമായി സുസ്ഥിരമെന്ന് അവകാശപ്പെടുമ്പോഴും വിത്തിന്റെ വില കർഷകർക്ക് താങ്ങാവുന്നതിനപ്പുറമായിരിക്കും.
എസ്ഡിഎൻ സാങ്കേതികവിദ്യ അപൂർണം
ജീൻ എഡിറ്റിംഗിന് ഉപയോഗിച്ച എസ്ഡിഎൻ സാങ്കേതികവിദ്യ നെല്ലിൽ അപൂർണമാണ്. ഉദ്ദേശിക്കാത്ത പാർശ്വഫലങ്ങൾ സൃഷ്ടിക്കുമെന്ന് ഓസ്ട്രേലിയയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. ജീൻ എഡിറ്റിംഗ് ലക്ഷ്യംവയ്ക്കാത്ത ഡിഎൻഎയിലും ഉൾപരിവർത്തനം സംഭവിച്ചേക്കാം. ഇത് തദ്ദേശീയ നെല്ലിനങ്ങളിൽ ജനിതക മലിനീകരണത്തിന് കാരണമാകും. ജീൻ എഡിറ്റഡ് നെല്ലിനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പല തലമുറകളിലെ പഠനം വേണം. ഇതു നടത്തിയിട്ടില്ല. 2012 മുതൽ ഇന്ത്യ വിദേശങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്. ചില രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ലേബലിംഗ് വേണ്ടി വരും. ഇത് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കും.
ഉത്പാദനവർധന മാത്രം പോരാ
നെല്ലുത്പാദനം വർധിപ്പിക്കുക എന്നത് കർഷകരുടെ മാത്രം ബാധ്യതയല്ല. നെൽകൃഷിയിൽനിന്നു ന്യായമായ വരുമാനം ലഭിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. 2,369 രൂപയാണ് ഒരു ക്വിന്റൽ നെല്ലിന് 2025-26 ഖാരിഫ് സീസണിൽ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കേന്ദ്രം ഒരു കിലോഗ്രാം നെല്ലിന് മൂന്നു രൂപ 29 പൈസ വർധിപ്പിച്ചപ്പോൾ കേരളം ഇത് നെൽകർഷകർക്ക് കൂട്ടിനൽകാൻ തയാറായില്ല. എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കഴിഞ്ഞ മാസം അവസാനം ഇത് ഒരു രൂപ 20 പൈസ കൂട്ടി കിലോഗ്രാമിന് 30 രൂപയായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തിനുശേഷമാണ് സംസ്ഥാനം സംഭരണവിലയിൽ നാമമാത്രമായ ഒരു രൂപ 20 പൈസയുടെ വർധനയ്ക്ക് തയാറായത്. നെൽകർഷകർ നൽകുന്ന പാരിസ്ഥിതിക സേവനങ്ങൾക്ക് അർഹമായ പരിഹാരം നൽകാതെയും സംഭരണത്തിൽ ഉൾപ്പെടെയുള്ള നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെയും ഉത്പാദനവർധന മാത്രം ലക്ഷ്യമിടുന്ന വിത്തിനങ്ങൾ പുറത്തിറക്കുന്നത് കർഷകർക്ക് പ്രയോജനം ചെയ്യില്ല.
കർഷകരിലേക്കെത്താൻ രണ്ടു വർഷം
നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രം പുറത്തിറക്കിയ ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ കർഷകരിലേക്കെത്താൻ രണ്ട് വർഷം കൂടിയെങ്കിലും കാത്തിരിക്കണം. 2023-24 ലെ കേന്ദ്രബജറ്റിൽ കാർഷിക വിളകളിലെ ജീൻ എഡിറ്റിംഗിനുവേണ്ടി 500 കോടി രൂപ നീക്കിവച്ചിരുന്നു. ഈ മേഖലയിൽ സ്വകാര്യ മേഖലാ ഗവേഷണവും പൊതു-സ്വകാര്യ മേഖലാ സംയുക്ത ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്രനയം. നേരത്തേ വിളവെടുക്കുക, കാലാവസ്ഥാ വ്യതിയാനത്തെയും ചൂടിനെയും പ്രതിരോധിക്കുക, പോഷകമൂല്യം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ത്വരിത മാർഗമാണ് ജീൻ എഡിറ്റിംഗ്. ഇപ്പോൾ പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ ഉൾപ്പെടെ 24 ഭക്ഷ്യവിളകളിലും 15 ഹോർട്ടികൾച്ചർ വിളകളിലും ജീൻ എഡിറ്റഡ് വിത്തിനങ്ങൾ പുറത്തിറക്കാനുള്ള ഗവേഷണം അന്തിമഘട്ടത്തിലാണ്. അടുത്ത ആറ് വർഷത്തിനുള്ളിൽ ( 2030-31) പയറുവർഗ വിളകളുടെ 15 ജീൻ എഡിറ്റഡ് ഇനങ്ങൾ കേന്ദ്രം പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പുറത്തിറക്കിയ ആത്മനിർഭരത ഇൻ പൾസസിന്റെ പ്രവർത്തനമാർഗ നിർദേശങ്ങളിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
സുതാര്യമാകണം
ഇന്ത്യൻ കാർഷിക മേഖലയിലെ അടുത്ത ഉത്പാദനവിപ്ലവം ജീൻ എഡിറ്റഡ് കാർഷിക വിളകളിലൂടെയാണെന്ന് ഉറപ്പാണ്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനും കർഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും ആശങ്കകൾ അകറ്റാനും ഈ മേഖലയിൽ സുതാര്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രം തയാറാകണം. അതോടൊപ്പം പരീക്ഷണം സംബന്ധിച്ച എല്ലാ ഡാറ്റയും മറച്ചുവയ്ക്കാതെ, പൂർണമായും നിഷ്പക്ഷ വിശകലനത്തിന് വിധേയമാക്കുകയും വേണം.
(അവസാനിച്ചു)
(കേരള കാർഷിക സർവകലാശാല റിട്ടയേഡ് പ്രഫസറാണ് ലേഖകന്)







































































































































