വിക്ടർ ജോർജ്: ഒരു പെരുമഴക്കാലത്തിന്റെ തോരാദുഃഖം

2001 ജൂലൈ 9. ഇടുക്കി വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ പകർത്താൻ പോയ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ വിക്ടർ ജോർജ് പ്രകൃതിയുടെ രൗദ്രഭാവപ്പകർച്ചയിൽ മണ്ണിൽ മറഞ്ഞ ഇരുണ്ടദിനം. പ്രകൃതി വിതച്ച നാശങ്ങൾതാണ്ടി, ഏറ്റവും മികച്ച ദൃശ്യങ്ങൾക്കായി വിക്ടർ മലമുകളിലേക്ക് കയറി. സുഹൃത്തുക്കൾ വിലക്കിയിട്ടും തന്റെ നിക്കോൺ എസ്എൽആർ സീരീസ് ക്യാമറയുമായി അദ്ദേഹം മുന്നോട്ട് നടന്നു.
മലമുകളിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി രണ്ടാമതും മലയിടിഞ്ഞു. പാറക്കൂട്ടങ്ങളും മണ്ണും പാഞ്ഞടുക്കുമ്പോൾ മരണത്തിന് തൊട്ടുമുമ്പുള്ള സെക്കൻഡിലും വിക്ടർ ആ മലവെള്ളപ്പാച്ചിലിന്റെ ഭീകരത ക്യാമറയിൽ പകർത്തുകയായിരുന്നു. കണ്ടറിഞ്ഞുമാത്രം വിശ്വസിക്കുന്ന ക്രിസ്തുശിഷ്യനെപ്പോലെ മണ്ണിടിച്ചിലിന്റെ രൗദ്രതയെ അടുത്തുനിന്ന് ക്യാമറ കണ്ണുകൊണ്ട് തൊട്ടറിയാൻ ആ വിരലുകൾ വെമ്പി. ഒടുവിൽ മഴയും മണ്ണുംചേർന്ന് ആ ഫോട്ടോഗ്രാഫറെ ആഴങ്ങളിലേക്ക് ഒഴുക്കിക്കൊണ്ടുപോയി. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ ജൂലൈ 11-നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താനായത്.



































































































































