ഇടുക്കി ജില്ലയിൽ പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ നിർമ്മാർജ്ജനം ചെയ്തു

പിടിച്ചെടുത്ത മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ, നിയന്ത്രിത വസ്തുക്കൾ എന്നിവയുടെ നിർമ്മാർജ്ജനത്തിനായുള്ള പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ പിടിച്ചെടുത്ത നിരോധിത വസ്തുക്കളുടെ നിർമ്മാർജ്ജനം നടത്തി. 2003-ലെ സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (COTPA) പ്രകാരം രജിസ്റ്റർ ചെയ്ത 17 കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളാണ് ബന്ധപ്പെട്ട കോടതികളുടെ ഉത്തരവുകളും നിലവിലുള്ള നിയമ വ്യവസ്ഥകളും പാലിച്ച് ജൂൺ 30-ന് ഇടുക്കി ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ വച്ച് നശിപ്പിച്ചത്. ഇടുക്കി ജില്ലാ മയക്കുമരുന്ന് നിർമ്മാർജ്ജന സമിതി ചെയര്‍മാനായ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് -ന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ മയക്കുമരുന്ന് നിർമ്മാർജ്ജന സമിതി അംഗങ്ങളായ നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് റിയാസ്, സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി. എ. യൂനസ് എന്നിവരുടെ മേൽനോട്ടത്തിലാണ് നിര്‍മ്മാര്‍ജ്ജനം നടന്നത്. ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഇമ്മാനുവേല്‍ പോള്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോയി മാത്യൂ എന്നീ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.


























































































































