വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ ടീം അരങ്ങേറ്റം സംശയത്തിന്റെ നിഴലില്‍; അയര്‍ലന്‍ഡില്‍ ആഭ്യന്തര പ്രശ്‌നം

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടി20 ടീമില്‍ ഇടംനേടിയ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് രാജ്യം മുഴുവന്‍. ഇന്ത്യന്‍ സീനിയര്‍ ടി20 ടീമില്‍ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ഇതിനോടകം തന്നെ മറികടന്ന സൂര്യവംശി, നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കയില്‍ ത്രിരാഷ്ട്ര ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനം അയര്‍ലന്‍ഡില്‍ വെച്ച് താരം സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചേക്കുമെന്ന വാര്‍ത്തകള്‍ സജീവമാണ്.
അയര്‍ലന്‍ഡില്‍ നിലവിലുള്ള ആഭ്യന്തര കലാപം പരമ്പരയ്ക്ക് തന്നെ ഭീഷണിയായി ഉയര്‍ന്നിരിക്കുന്നത്. അയര്‍ലന്‍ഡിലെ ആഭ്യന്തര അസ്വസ്ഥതകളെ തുടര്‍ന്ന് ലിസ്‌ബേണില്‍ നടക്കേണ്ടിയിരുന്ന ഇന്റര്‍-പ്രൊവിന്‍ഷ്യല്‍ ടി20 ഫെസ്റ്റിവല്‍ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഞായറാഴ്ചത്തെ ഐറിഷ് സീനിയര്‍ കപ്പ്, നാഷണല്‍ കപ്പ് മത്സരങ്ങളുടെ കാര്യത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് അയര്‍ലന്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
അവിടെ സാഹചര്യം ശാന്തമായില്ലെങ്കില്‍ ഇന്ത്യ-അയര്‍ലന്‍ഡ് പരമ്പരയും പ്രതിസന്ധിയിലാകും. ”രാജ്യത്ത് നിലവില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ ക്രിക്കറ്റ് അയര്‍ലന്‍ഡ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വരാനിരിക്കുന്ന ഞായറാഴ്ചത്തെ ഐറിഷ് സീനിയര്‍ കപ്പ്, നാഷണല്‍ കപ്പ് മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കും.” ക്രിക്കറ്റ് അയര്‍ലന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അയര്‍ലന്‍ഡിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ബെല്‍ഫാസ്റ്റിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ മത്സരങ്ങള്‍ അവിടെനിന്ന് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചേക്കും.
ഏകദിന ക്രിക്കറ്റില്‍ ശൈലി മാറ്റി സൂര്യവംശി
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐ.പി.എല്‍ 2026-ല്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച വൈഭവ് സൂര്യവംശിയെ, ഇന്ത്യ എ ടീമിനായുള്ള ഏകദിന മത്സരങ്ങളില്‍ തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാനിസ്ഥാന്‍ എ ടീമിനെതിരെ നടന്ന മത്സരത്തില്‍, പുറത്താകുന്നതിന് മുന്‍പ് സൂര്യവംശി 22 പന്തില്‍ 44 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഈ ഇന്നിങ്‌സില്‍ ഒരു സിക്‌സര്‍ പോലും ഉള്‍പ്പെട്ടിരുന്നില്ല.
15-കാരനായ ഈ താരം തന്റെ റണ്ണുകളില്‍ ഭൂരിഭാഗവും സിക്‌സറുകളിലൂടെ കണ്ടെത്തിയിരുന്ന ഐപിഎല്‍ ശൈലിയില്‍ നിന്നും മാറി, അഫ്ഗാനിസ്ഥാനെതിരെ ഗ്രൗണ്ട് ഷോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഏറെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നിരുന്നാലും, സൂര്യവംശിയുടെ ഈ മികച്ച പോരാട്ടത്തിനും ഇന്ത്യ എ ടീമിനെ അഫ്ഗാനിസ്ഥാന്‍ എ ടീമിനെതിരെയുള്ള മത്സരത്തില്‍ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.































































































































