“വന്യമൃഗ ശല്യം പരിഹരിക്കാൻ ഒറ്റമൂലി ഇല്ലെന്ന് തിരിച്ചറിഞ്ഞതിൽ നന്ദി”; ഷിബു ബേബി ജോണിനെ പരിഹസിച്ച് എ.കെ. ശശീന്ദ്രൻ

കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രി ഷിബുബേബി ജോണിനെ പരിഹസിച്ച് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ. വന്യമൃഗ ശല്യം പരിഹരിക്കാൻ ഒറ്റമൂലി ഇല്ല എന്ന് തിരിച്ചറിഞ്ഞതിൽ നന്ദി.
പുതിയ വനമന്ത്രി പ്രവർത്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇതേ കാര്യങ്ങളാണ് താൻ നേരത്തെ പറഞ്ഞതെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. അന്ന് തന്നെ വേട്ടയാടി. തന്നെ വിമർശിച്ചവർ ഇക്കാര്യങ്ങൾ മനസ്സിലാക്കണം. ഷിബു ബേബി ജോൺ ഉറങ്ങിയപ്പോൾ അല്ല ഉണർന്നിരിക്കുമ്പോൾ തന്നെയാണ് ആന വന്നതെന്നും മുൻ വനംമന്ത്രി പറഞ്ഞു.
സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇന്ന് രാവിലെ യുവതി മരിച്ചിരുന്നു. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി ആണ് മരിച്ചത്. മകനെ സ്‌കൂളിൽ വിടാൻ പോകവേ രാവിലെ 8.30ഓടു കൂടിയാണ് സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തിൽ കുട്ടിക്കും പരിക്കേറ്റു. പ്രദേശത്ത് കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ ആന റോഡിൽ നിൽക്കുന്നത് കണ്ടില്ലെന്നാണ് വിവരം.































































































































