അടിമാലിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയയാളെ സിമന്റ് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

ഇടുക്കി ജില്ലയിലെ അടിമാലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 1411/2020-ലെ കൊലക്കേസിൽ പ്രതിയായ ഏലിയാസ് (പൗലോസിന്റെ മകൻ, ചൊള്ളംകുഴിയിൽ ഹൗസ്, പൈപ്പ് ലൈൻ ഭാഗം, പനംകുട്ടി, വെള്ളത്തൂവൽ) കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.
തൊടുപുഴ നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2026 മെയ് 30-നാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2020 ഡിസംബർ 4-ന് രാത്രി അടിമാലി ബസ് സ്റ്റാൻഡിന് സമീപം അനഘ സ്റ്റുഡിയോയ്ക്കു സമീപമുള്ള കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന അറക്കുളം സ്വദേശിയായ മാത്യൂസ് എന്നയാളെ പ്രതി സിമന്റ് ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവത്തെ തുടർന്ന് അടിമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി CI അനിൽ ജോർജ് കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണയ്ക്കൊടുവിൽ തെളിവുകളും സാക്ഷിമൊഴികളും വിലയിരുത്തിയ കോടതി പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം (IPC) 302-ാം വകുപ്പ് പ്രകാരമുള്ള കുറ്റം തെളിഞ്ഞതായി കണ്ടെത്തി ജീവപര്യന്തം തടവും പിഴയും വിധിക്കുകയായിരുന്നു. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡിഷണൽ പ്രോസീക്യൂട്ടർ അഡ്വ വി എസ് അഭിലാഷ് ഹാജരായി. ASI ഷാജി സീനിയർ CPO അബ്ദുൽ സലീം എന്നിവർ പ്രോസീക്യൂഷൻ സഹായികളായി.







































































































