“നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനം”; ഗവർണർക്ക് അതൃപ്തി

യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോകോള്‍ ലംഘനം എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ. വന്ദേമാതരം മുഴുവന്‍ പൊലീസ് ബാന്റ് വായിക്കണമായിരുന്നു. വിഷയത്തിൽ സർക്കാർ നിലപാടിന് അനുസരിച്ചായിരിക്കും ലോക്ഭവൻ നടപടി സ്വീകരിക്കുക എന്നും ഗവർണർ അറിയിച്ചു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഗവർണർ പ്രതികരിച്ചു. ഗവർണർ പങ്കെടുക്കുമ്പോൾ വന്ദേമാതരം ആലപിക്കുകയോ അല്ലെങ്കിൽ മ്യൂസിക് ആയി പ്ലേ ചെയ്യുകയോ വേണം. അത് പ്ലേ ചെയ്യുമ്പോഴായാലും പാടുമ്പോഴായാലും പൂർണരൂപത്തിൽ തന്നെ ആയിരിക്കണം എന്നാണ് ലോക്ഭവൻ്റെ നിലപാട്. ഏതെങ്കിലും കാരണവശാൽ സ്പീക്കർക്ക് അത് ചെയ്യേണ്ടതില്ല എന്ന് തോന്നുകയാണെങ്കിൽ, എനിക്കറിയില്ല. കാര്യങ്ങൾ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നമുക്ക് നോക്കാമെന്നും ഗവർണർ പ്രതികരിച്ചു.
ലോക്ഭവൻ നിർദേശം തള്ളി പൊലീസ് ബാൻഡ് വായിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രമായിരുന്നു. നേരത്തെ യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിന് എതിരെ ബിജെപിയും രംഗത്തെത്തി. വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ഗവർണറോടുള്ള അവഹേളനമെന്ന് വിമർശനവുമായി വി. മുരളീധരൻ എംഎൽഎ ആരോപിച്ചു. കേന്ദ്ര സർക്കാർ നിർദേശം സഭയിൽ പാലിക്കപ്പെട്ടില്ല. ജമാ അത്തെ ഇസ്ലാമിക്കും സിപിഐഎമ്മിനും സർക്കാർ വഴങ്ങിയെന്നും വി. മുരളീധരൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.







































































































