ലത്തീൻ സഭയെ അനുനയിപ്പിക്കാൻ സർക്കാർ; സഭാ നേതൃത്വവുമായി ഫിഷറീസ് മന്ത്രി കൂടിക്കാഴ്ച നടത്തും

ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിന് നൽകാത്തതിൽ യുഡിഎഫിനോട് ഇടഞ്ഞ ലത്തീൻ സഭയെ അനുനയിപ്പിക്കാൻ വീണ്ടും നീക്കം. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. വെള്ളയമ്പലത്തെ സഭാ ആസ്ഥാനത്ത് ആയിരിക്കും കൂടിക്കാഴ്ച നടക്കുക. യുഡിഎഫ് സർക്കാരിൽ പ്രാതിനിധ്യം ഇല്ലാത്തതിനാലും മന്ത്രിയായി തങ്ങളുടെ മന്ത്രിസഭയിലെ ഒരാളെ നിയമിക്കാത്തതിലും സഭയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്.
തീരദേശത്തെ 80 ശതമാനത്തോളം വരുന്ന മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ലത്തീൻ സമുദായത്തിൽ നിന്നാണ്. അതുകൊണ്ട് ആ സമുദായത്തിൽ നിന്നൊരു മന്ത്രി തന്നെ വേണമെന്നായിരുന്നു സഭാ നേതൃത്വം ആവശ്യപ്പെട്ടത്. പക്ഷെ അതിന് യുഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിലും കോവളത്തും അടക്കം സഭ യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും സർക്കാർ അനുകൂലമായ നിലപാടെടുക്കാത്തത് സഭയെ ചൊടിപ്പിച്ചിരുന്നു.
ഫിഷറീസ് വകുപ്പ് സഭയ്ക്ക് നൽകുന്നില്ലെങ്കിൽ വകുപ്പ് ചവറയിൽ നിന്ന് വന്ന ഷിബു ബേബി ജോണിന് നൽകണമെന്ന ആവശ്യവും സഭ മുന്നോട്ട് വച്ചിരുന്നു. അതുമല്ലെങ്കിൽ സി.പി. ജോണിന് വകുപ്പ് നൽകുകയോ കോൺഗ്രസ് ഏറ്റെടുക്കുകയോ ചെയ്യണമെന്നും സഭ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ആ ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചിരുന്നില്ല.































































































































