ഇടവക സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ഫാ. ജോസഫ് കോയിക്കലിന് നാടിന്റെ ആദരാഞ്ജലി

ഇടുക്കി രൂപതയിലെ മുരിക്കുംതൊട്ടി സെൻ്റ് മരിയ ഗോരോത്തി പള്ളി വികാരി ഫാ. ജോസഫ് കോയിക്കലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഇടവക സമൂഹവും നാടും. ഇന്നലെ പകൽ പന്ത്രണ്ട് മണിയോടെ നെല്ലിമറ്റത്തിന് സമീപം കുഴഞ്ഞുവീണായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിൽ സംസ്കരിക്കും.
മുരിക്കുംതൊട്ടി ഇടവക സമൂഹത്തെയും ഹൈറേഞ്ചിനെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയാണ് ഫാ. ജോസഫ് കോയിക്കലിന്റെ വിയോഗവാർത്ത പുറത്തുവന്നത്. 43 വയസ്സായിരുന്നു അദ്ദേഹത്തിന്. വാഴക്കുളത്തുനിന്നും മടങ്ങുന്നതിനിടയിൽ ഇന്നലെ പകൽ പന്ത്രണ്ടോടെ നെല്ലിമറ്റത്തിന് സമീപത്തുവെച്ച് ഫാ. ജോസഫ് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ഒരു വർഷം മുൻപാണ് ഫാ. ജോസഫ് കോയിക്കൽ മുരിക്കുംതൊട്ടി സെൻ്റ് മരിയ ഗോരോത്തി പള്ളിയിൽ വികാരിയായി ചുമതലയേൽക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവക ജനങ്ങളുടെയും പ്രദേശവാസികളുടെയും പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രാർത്ഥനകളിലും ആശ്വാസവാക്കുകളുമായി എപ്പോഴും ഒപ്പമുണ്ടായിരുന്ന പ്രിയ വൈദികന്റെ വേർപാട് ഇടവക സമൂഹത്തെ ദുഃഖത്തിലാഴ്ത്തി .
ഇന്നലെ രാത്രി മുതൽ മുരിക്കുംതൊട്ടി പള്ളിയിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ നൂറുകണക്കിന് വിശ്വാസികളും പ്രദേശവാസികളുമാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ഭൗതികശരീരം വിലാപയാത്രയായി കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലേക്ക് കൊണ്ടുപോയി.
ഇവിടെ നടക്കുന്ന പൊതുദർശനത്തിന് ശേഷം, 3 മണിക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ സമാപന ശുശ്രൂഷകളും സംസ്കാര ചടങ്ങുകളും നടക്കും. പ്രിയപ്പെട്ട വികാരിയച്ചന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ നേരുകയാണ് മുരിക്കുംതൊട്ടി ഇടവകയും ഹൈറേഞ്ചിലെ ജനങ്ങളും.






































































































