മംഗളാദേവി ചിത്രാപൗർണമി: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ഭക്തർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം രാവിലെ ആറ് മണി മുതൽ*
മെയ് ഒന്നിന് നടക്കുന്ന
മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. പെരിയാര്‍ കടുവ സകേതത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗര്‍ണ്ണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന ഭക്തര്‍ക്ക് രാവിലെ ആറ് മണി മുതല്‍ പ്രവേശനം അനുവദിക്കും. ഉച്ചയ്ക്ക് 2.30ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെ എല്ലാ ഭക്തരും വനമേഖലയില്‍ നിന്ന് തിരിച്ചിറങ്ങേണ്ടതാണ്. രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല.
കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ്പ് ജീപ്പുകൾക്ക് രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.45 വരെ പ്രവേശനം അനുവദിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കണം. ട്രിപ്പ് ജീപ്പുകൾക്ക് പാസ് അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്കും ഇന്നും നാളെയും (29, 30) കുമളി ബസ് സ്റ്റാൻഡിൽ നാല് കൗണ്ടറുകൾ പ്രവർത്തിക്കും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ്പ് ജിപ്പുകൾക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പ്രവേശനത്തിനും തിരിച്ചുമിറങ്ങുന്ന പാതകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എക്‌സിറ്റ് പോയിന്റിലൂടെയാകും ഇത്തവണ പ്രവേശനം. തിരക്ക് ഒഴിവാക്കാൻ ഭക്തർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തും. പാദരക്ഷകൾ സൂക്ഷിക്കുന്നതിന് ക്ഷേത്രത്തിന് പുറത്ത് പ്രത്യേക സൗകര്യമുണ്ടാകും.
ഭക്ഷണത്തിനും, കുടിവെള്ള വിതരണത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വൈദ്യ സഹായത്തിന് ഇരു സംസ്ഥാനത്ത് നിന്നുള്ള മെഡിക്കൽ സംഘത്തെ ക്ഷേത്ര പരിസരത്ത് വിന്യസിക്കും. ആവശ്യത്തിന് ശുചിമുറികളും സജ്ജമാക്കും.
വനത്തിലും ക്ഷേത്രപരിസരത്തും ഏതെങ്കിലും തരത്തിലുള്ള നൃത്തരൂപങ്ങളോ തമിഴ്, മലയാളം, ഇംഗീഷ് ഭാഷകളിലുള്ള പ്രചാരണ സാമഗ്രികളുടെ വിതരണമോ പ്രദർശന മോ പാടില്ല.
.
*കര്‍ശന നിയന്ത്രണങ്ങള്‍:*
5 ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, അലുമിനിയം ഫോയില്‍ എന്നിവ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ പാടില്ല.
ഭക്ഷണം വാഴ ഇലകളില്‍ പൊതിഞ്ഞ് കൊണ്ടുവരണം.
സസ്യാഹാരം മാത്രമേ അനുവദിക്കൂ.
മദ്യം, മയക്കുമരുന്ന് എന്നിവ വനമേഖലയില്‍ കര്‍ശനമായി നിരോധിച്ചു.
വനത്തിനുള്ളില്‍ പാചകം ചെയ്യാനോ പടക്കം പൊട്ടിക്കാനോ പാടില്ല.
വനമേഖലയില്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കില്ല. ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.
ലൗഡ്‌സ്പീക്കർ, ആംപ്ലിഫയർ തുടങ്ങിയ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ വനത്തിനുള്ളിൽ അനുവദിക്കില്ല.
വൈക്കോൽ തുടങ്ങി എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ കൊണ്ടു വരരുത്.
വളർത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുവരുന്നത് ശിക്ഷാർഹമാണ്.
















































































































