കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു

അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന വൈദ്യുതി വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മെഴുകുതിരി കത്തിച്ചും പാളവിശറി വീശിയുമാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തത്.
എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.
പവർകട്ടും ലോഡ് ഷെഡ്‌ഡിംഗും എന്തെന്ന് പോലും തിരിച്ചറിവില്ലാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് ഭരിക്കുന്നതെന്നും കൊടുംചൂടിനിടെ രാവും പകലും സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധം ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പിണറായി വിജയനും മന്ത്രിമാരും മുതൽ ഇടത് സൈബർ പോരാളികൾവരെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവർകട്ട് ഇല്ലാത്ത പത്തുവർഷം എന്ന പേരും നുണയുടെ കോട്ട പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
അഴിമതി ലക്ഷ്യമിട്ട് വൈദ്യുതി ബോർഡിലെയും റെഗുലേറ്ററി കമ്മീഷനിലെയും ഉന്നതർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ദീർഘകാലത്തേക്ക് കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. ഈ കരാർ പിണറായി സർക്കാർ അഴിമതി ലക്ഷ്യമിട്ട് റദ്ദാക്കി. സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യാത്ത നടപടിയായിരുന്നു ദീർഘകാല വൈദ്യുതി പർച്ചേസ് കരാർ റദ്ദാക്കൽ.ദീർഘകാല കരാറുകൾ തുടർന്നിരുന്നുവെങ്കിൽ ഇപ്പോഴത്തെ അപ്രഖ്യാപിത പവർകട്ട് ഒഴിവാക്കാമായിരുന്നു. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടർന്നാൽ ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും ഇ എം അഗസ്തി പറഞ്ഞു. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കർഷകകോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് മുഖ്യ പ്രഭാഷണം നടത്തി. ഷാജി വെള്ളംമാക്കൽ, ബിജു പൊന്നോലി, പി എസ് മേരിദാസൻ, പൊന്നപ്പൻ അഞ്ചപ്ര, റുബി വേഴമ്പത്തോട്ടം, സന്തോഷ് ഒലിനാൽ, കെ റ്റി ജയൻ, ജോണി വടക്കേക്കര,അരുൺകുമാർ കാപ്പുകാട്ടിൽ, കെ എസ് സജീവ്, കെ ഡി രാധാകൃഷ്ണൻ, അലൻ സി മനോജ് തുടങ്ങിയവർ പങ്കെടുത്തു.
















































































































