കോൺഗ്രസ് ക്രൈസ്തവരോട് ചെയ്തത് മറക്കരുത്, പാലാ പിതാവ് പിതൃതുല്യൻ; വിമർശനത്തിന് മറുപടിയുമായി ഷോൺ ജോർജ്

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിമർശനത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പാലാ പിതാവ് പിതൃതുല്യനാണെന്ന വിഷയത്തിൽ സഭ പൊതുവായി ചർച്ച ചെയ്ത ശേഷം പരസ്യമായ നിലപാട് പറയണമെന്നും ഷോൺ ജോർജ് പറഞ്ഞു. എഫ്സിആർഎ നിയമം കൊണ്ട് വന്ന സമയത്ത് കോൺഗ്രസ് എന്ത് ചെയ്യുകയായിരുന്നു എന്ന് കൂടി സഭ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിആർഎ നിയമം മൻമോഹൻ സിങ്ങിന്റെ കാലത്താണ് കൊണ്ടുവന്നത്. ഇത് ഉണ്ടാക്കിയത് കോൺഗ്രസാണ്. മൻമോഹൻ സിങ് ഭേദഗതി കൊണ്ട് വന്ന് സമയതത്ത് എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു.
മുനമ്പത്ത് വിഷയം ഉണ്ടായപ്പോഴും സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് വിഷയം വന്നപ്പോഴും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എസ്ഡിപിഐയുടെ കൂടെ കൂടി. ക്രൈസ്തവരുടെ ഏറ്റവും വലിയ വിഷയമാണ് റബ്ബറിന്റെ വില സംബന്ധിച്ചത്. ആരാണ് റബ്ബറിനെ ഈ നിലയിൽ എത്തിച്ചത്. കോൺഗ്രസാണ് ഈ ഒരു അവസ്ഥയിൽ റബ്ബറിനെ എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
“ക്രൈസ്തവ സഭയെ സംരക്ഷിക്കാൻ എന്നും ഞാനും എന്റെ പാർട്ടി ഉണ്ടാകും. രാഷ്ട്രയത്തിന് അപ്പുറം എന്റെ സഭ കൂടിയാണ്. അതുകൊണ്ട് തന്നെ അത് സംരക്ഷിക്കാൻ എനിക്ക് ബാധ്യസ്ഥത ഉണ്ട്. ഞാൻ പിതാവിനെ ഇന്ന് തന്നെ കാണും. എന്ത് കൊണ്ടാണ് പിതാവ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചറിയും. ആരുടെ എങ്കിലും സമ്മർദത്തിന് വഴങ്ങിയാണോ പറഞ്ഞത് എന്ന് അറിയില്ല. ഇത് ബിജെപിയുടെ അഭിപ്രായം അല്ല. ഒരു ക്രൈസ്തവൻ എന്ന നിലയിലാണ് ഞാൻ ഈ അഭിപ്രായം പറയുന്നത്”, ഷോൺ ജോർജിന്റെ വാക്കുകൾ.
















































































































