ഇടിച്ചക്കയ്ക്ക് വൻ ഡിമാൻഡ്: പ്ലാവുതേടി കച്ചവടക്കാര്‍

മികച്ച വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ ജില്ലയില്‍ ഇടിച്ചക്ക കച്ചവടം സജീവമായി. അന്യസംസ്ഥാന വിപണികളില്‍ ആവശ്യം ഏറിയതോടെയാണ് നാട്ടിൻ പുറങ്ങളില്‍ ചക്കയ്ക്ക് വൻ ഡിമാൻഡായത്.
വലിപ്പമനുസരിച്ച് ചക്കയൊന്നിന് 35 മുതല്‍ 50 രൂപ വരെ ലഭിക്കുന്നതിനാല്‍ പ്ലാവില്‍ ചക്കയുള്ളവർക്ക് കൈനിറയെ പണമുറപ്പാണ്. ഡിസംബർ പകുതിയോടെയാണ് നാട്ടിൻ പുറങ്ങളില്‍ കച്ചവടം ആരംഭിച്ചത്. മേയ് പകുതിവരെയാണ് സീസണ്‍. മറ്റ് കൃഷി പോലെ പരിപാലനത്തിന് പ്രത്യേക ചെലവില്ലാത്തതിനാല്‍ കിട്ടുന്ന വില ഉടമയ്ക്കും ലാഭകരമാണ്. സ്വന്തം ആവശ്യത്തിനുള്ള ചക്ക പ്ലാവില്‍ ഇട്ടശേഷമായിരിക്കും ശേഖരണം. മിക്കയിടത്തും പ്ലാവുള്ള പറമ്പുകള്‍ അടങ്കലെടുക്കുകയാണ് പതിവ്. ചക്കയുടെ എണ്ണവും വലിപ്പവും അനുസരിച്ച് 1000 മുതല്‍ 5000 വരെ പ്ലാവൊന്നിന് ലഭിക്കും. ഡല്‍ഹി, കല്‍ക്കട്ട, മുംബെയ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് വ്യാപക കയറ്റുമതി. ജില്ലയിലെ സംഭരണകേന്ദ്രമായ തൊടുപുഴയില്‍ നിന്ന് 50 ടണ്ണോളം ചക്കയാണ് പ്രതിദിനം പ്രധാനകേന്ദ്രമായ പെരുമ്പാവൂരിലെത്തിച്ച് കയറ്റുമതി ചെയ്യുന്നത്. ഇതിന് പുറമെ സ്വകാര്യ കർഷക ഓപ്പണ്‍മാർക്കറ്റുകളും ശേഖരണമുണ്ട്. ലോറേഞ്ചിനെ അപേക്ഷിച്ച് ഹൈറേഞ്ച് മേഖലയിലെ ചക്കയ്ക്കാണ് ഗുണമേന്മ കൂടുതല്‍. തണുത്ത കാലാവസ്ഥയാണ് ഇതിന് കാരണം.തൊടുപുഴയില്‍ സീസണായെങ്കിലും ഹൈറേഞ്ചില്‍ പാകമായി വരുന്നതേയുള്ളൂ.
തീൻമേശയില്‍ നിന്ന്
അപ്രത്യക്ഷമായ ഇഷ്ടവിഭവം
മുമ്പ് വേനല്‍ക്കാലമായാല്‍ നാട്ടിൻപുറങ്ങളിലെ തീൻ മേശകളില്‍ ഇഷ്ടവിഭമായിരുന്നു ചക്കപ്പുഴുക്ക്. ഇതിന് പുറമേ ചക്കയട, ചക്കക്കുരു- ഇടിഞ്ചക്ക തോരനുകള്‍ തുടങ്ങിയ വിവിധ വിഭവങ്ങളാല്‍ ഓരോ വീടിന്റയും അടുക്കള നിറഞ്ഞിരുന്നു. കൂടാതെ പച്ചയ്ക്കും പഴമായും തീൻ മേശകളില്‍ ചക്ക ഇടം പിടിച്ചിരുന്നു. എന്നാല്‍ ഫാസ്റ്റ്ഫുഡ് സംസ്കാരം വ്യാപകമായതോടെ ചക്ക അടുക്കളയിലെ അത്യപൂർവ വിഭവമായി മാറിയെങ്കിലും നഗരങ്ങളില്‍ ഇപ്പോഴും വൻ ഡിമാൻഡാണ്. കറിക്ക് പുറമേ ബിസ്ക്കറ്റ്, ഫുഡ് പ്രൊഡക്ടുകള്‍, കാലിത്തീറ്റ, ബിയർ നിർമ്മാണം എന്നിവയ്ക്കും ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്.
ചെലവ് കൂടുതല്‍
ചക്ക മാർക്കറ്റില്‍ എത്തിക്കുക എളുപ്പമുള്ള കാര്യമല്ല. മരം കയറുന്നതിന് ചെലവിന് പുറമെ 3300ഉം ചുമട്ടുകാരന് 1750 രൂപയുമാണ് കൂലി. ഇന്ധനച്ചെലവിനും വണ്ടിക്കൂലിക്കും പുറമേയാണിത്. ചക്ക താഴെ വീണ് ചതയാതെ സുരക്ഷിതമായ താഴെയെത്തിക്കുക എന്നതും റിസ്കാണ്.









































































