സ്വരാജ് മത്സരിക്കില്ല, മണിയാശാനും ഇല്ല; തലസ്ഥാനത്ത് 10 പേർ വീണ്ടും ! CPIM സ്ഥാനാർഥി ചിത്രം തെളിയുന്നു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. രണ്ട് ടേം വ്യവസ്ഥ പൂർത്തിയാക്കിയവരെ പരമാവധി മാറ്റിനിർത്തിയാണ് സിപിഐഎം സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നത്. മുതിർന്ന നേതാക്കളായ ഇ പി ജയരാജൻ, ജി സുധാകരൻ, എ കെ ബാലൻ, സി രവീന്ദ്രനാഥ് തുടങ്ങിയവരെ സ്ഥാനാർഥികളായി സിപിഐഎം പരിഗണിക്കുന്നില്ല.
എം സ്വരാജിനെ മത്സരിപ്പിക്കേണ്ട എന്നും പാർട്ടി തീരുമാനിച്ചു. നേരത്തെ തൃപ്പൂണിത്തുറയിലും പൊന്നാനിയിലും സ്വരാജിനെ പരിഗണിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റുകൾ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവയെല്ലാം തിരുത്തിയാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത്.
തൃപ്പൂണിത്തുറയിൽ സ്വരാജിന് പുറമെ കൊച്ചി മുൻ മേയർ എം അനിൽകുമാറും സിപിഐഎം നേതാവ് അഡ്വ കെ എസ് അനിൽകുമാറുമാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് പേരും മത്സരിക്കില്ല. പകരം നിലവിൽ വൈപ്പിൻ എംഎൽഎയായ ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് തീരുമാനം.
മുതിർന്ന സിപിഐഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണിയെയും സ്ഥാനാർത്ഥിയാക്കില്ല. വിജയസാധ്യത കണക്കിലെടുത്ത് മണിയെയാണ് ഇടുക്കി ജില്ലാ നേതൃത്വം നിർദേശിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം മണി വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനായിരിക്കും മണിക്ക് പകരം ഉടുമ്പൻചോലയിൽ മത്സരിക്കുക.
പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരും മത്സരിക്കില്ല. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉള്ള നേതാക്കൾ മത്സരിച്ചാൽ പ്രചാരണത്തിന് നേതാക്കന്മാരുണ്ടാകില്ല എന്നതിനാലാണ് സിപിഐഎം ഇത്തരത്തിൽ തീരുമാനമെടുത്തത്. മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ പേരാവൂരിലാകും മത്സരിക്കുക.
തിരുവനന്തപുരത്ത് 10 സിറ്റിങ് എംഎൽഎമാരും മത്സരിക്കും. വർക്കലയിൽ വി ജോയി തന്നെ മത്സരിക്കും എന്നതിനാൽ സിപിഐഎം ജില്ലാ സെക്രട്ടറി ചുമതല എ എ റഹീം എംപിക്ക് നൽകിയിരുന്നു. കൊല്ലത്ത് മുകേഷ് ഒഴികെയുള്ള എംഎൽഎമാർ വീണ്ടും മത്സരിക്കും. പത്തനംതിട്ടയിലും ആരോഗ്യമന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ള സിറ്റിങ് എംഎൽഎമാർ മത്സരിക്കും.
ആലപ്പുഴയിലെ സ്ഥാനാർത്ഥികളാര് എന്നതിൽ ഇന്ന് വ്യക്തത വന്നേക്കും. സിറ്റിങ് എംഎൽഎമാരിൽ യു പ്രതിഭ, ദലീമ ജോജോ എന്നിവരിൽ ഒരാൾക്ക് സീറ്റുണ്ടാവില്ല എന്നാണ് വിലയിരുത്തൽ. പകരക്കാരനായി ജില്ലാ സെക്രട്ടറി ആർ നാസറായിരിക്കും മത്സരിക്കുക.









































































