ഉദ്വേഗം, ശൈലജയ്ക്ക് സീറ്റുണ്ടോ?; ഒഴിവാക്കിയാൽ വൻ ചർച്ചയാകുമെന്നതിൽ പാർട്ടിക്ക് ആശങ്ക

കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജയ്ക്കു സീറ്റുണ്ടോ എന്നതാണ് ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോൾ ഉദ്വേഗമുയർത്തുന്ന ചോദ്യം. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ശൈലജയുടെ പേര് ഒഴിവാക്കിയുള്ള പട്ടിക അവതരിപ്പിക്കപ്പെട്ടതു ശൈലജ കൂടി പങ്കെടുത്ത കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിനിധികൾ അഭിപ്രായം പറയുന്ന രീതിയില്ലാത്തതിനാൽ, പേര് ഒഴിവാക്കിയതിനെക്കുറിച്ച് ശൈലജ യോഗത്തിൽ അഭിപ്രായം പറഞ്ഞില്ല.
പേരാവൂർ ഉൾപ്പെടെ മറ്റെവിടെയെങ്കിലും ശൈലജയെ മത്സരിപ്പിച്ചുകൂടേ എന്ന് ചില ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ചോദിച്ചു. ടേം വ്യവസ്‌ഥയിൽ ഇളവോടെ ശൈലജ മത്സരിക്കട്ടെയെന്ന് ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചാലും മട്ടന്നൂരിലാകാൻ സാധ്യത കുറവാണ്. പാർട്ടിക്കു വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ടേമിൽ ഇളവു വേണ്ടെന്ന സംസ്‌ഥാന നേതൃത്വത്തിന്റെ നിർദേശം അതേപടി നടപ്പാക്കുകയാണു മട്ടന്നൂരിന്റെയും തലശ്ശേരിയുടെയും കാര്യത്തിൽ ജില്ലാ നേതൃത്വം ചെയ്തത്. 2021ൽ സംസ്ഥാന ചരിത്രത്തിലെ റെക്കോർഡ് വേണമെന്നില്ലെന്നാണു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ജനപ്രീതി ഉപയോഗപ്പെടുത്താനാണെങ്കിൽ കടുപ്പമുള്ള സീറ്റിൽ മത്സരിക്കട്ടെയെന്ന അഭിപ്രായം സംസ്‌ഥാന നേതാക്കൾക്കുമുണ്ട്. ഇളവോടെ താരതമ്യേന സുരക്ഷിത മണ്ഡലം നൽകേണ്ടിവന്നാൽ വനിതാ സ്ഥാനാർഥിക്കായി നീക്കിവച്ച തളിപ്പറമ്പാകും പരിഗണിക്കുക. അവിടെ ഇപ്പോഴുള്ള പ്രധാന പേര് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയുടേതാണ്.
5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 3 മണ്ഡലങ്ങളിലായാണു ജയങ്ങൾ; 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും. 2011ൽ ശൈലജയെ തോൽപിച്ച സണ്ണി ജോസഫിൽനിന്നു പേരാവൂർ തിരിച്ചുപിടിക്കാൻ അവിടെ മത്സരിപ്പിക്കണമെന്ന നിർദേശം 2016ലും 2021ലും പാർട്ടിയിൽ ഉയർന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങൾ നൽകി. പാർട്ടിക്കു പുറത്തുള്ളവർ ആദ്യ വനിതാ മുഖ്യമന്ത്രി എന്നുവരെ സാധ്യത കാണുന്ന നേതാവിനെ ഒഴിവാക്കുന്നതു സംസ്‌ഥാനതലത്തിൽ ചർച്ചയാകുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. കഴിഞ്ഞതവണ മന്ത്രിസഭാ രൂപീകരണത്തിൽ ശൈലജ തഴയപ്പെട്ടതു വിവാദമായിരുന്നു.
ശൈലജയ്ക്ക് ഇളവു നൽകിയാൽ എ.എൻ.ഷംസീറിനായും ആവശ്യമുയരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ മത്സരിക്കണോയെന്നും സെക്രട്ടേറിയറ്റാണു തീരുമാനിക്കുക; തലശ്ശേരിയാണു സാധ്യതയിൽ. അതേസമയം, സംഘടനാരംഗത്തു തഴയപ്പെടുന്ന പി.ജയരാജനെ പാർലമെന്ററി രംഗത്തും പരിഗണിക്കാനില്ലെന്ന സൂചനകളാണു കണ്ണൂരിലെ ചർച്ചകൾ നൽകുന്നത്. 14 ജില്ലകളിലെയും പട്ടിക പരിശോധിക്കുന്നുണ്ടെങ്കിലും കണ്ണൂരിലെ സ്ഥാനാർഥി നിർണയമാകും ഇന്നു ചൂടുള്ള അജൻഡ.









































































