സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതിയുണ്ടായി എ.രാജ എംഎൽഎ

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ രീതിയിൽ പുരോഗതിയുണ്ടായ കാലഘട്ടമാണെന്ന് എ.രാജ എംഎൽഎ. മച്ചിപ്ലാവ് സർക്കാർ ഹൈസ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയെന്നത് സർക്കാരിൻ്റെ നയമാണ്. അതിൻ്റെ ഭാഗമായി മികച്ച സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചു. സ്മാർട്ട് ക്ലാസ് റൂമുകൾ, ലാബുകൾ, സ്കൂൾ വാഹനങ്ങൾ, മികച്ച അധ്യാപകർ തുടങ്ങി നിരവധി സൗകര്യങ്ങൾ പൊതുവിദ്യാലയങ്ങളിൽ ഒരുക്കി. ജൂൺ ഒന്നിന് അധ്യയന വർഷം ആരംഭത്തിൽ തന്നെ കുട്ടികളുടെ കൈകളിൽ പുസ്തകങ്ങൾ എത്തുന്ന നിലയിലേക്ക് വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടായി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 13 ലക്ഷം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ പുതുതായി അഡ്മിഷൻ എടുത്തത് വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റത്തിൻ്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. മച്ചിപ്ലാവ് സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയത്തിന് 15 ലക്ഷം രൂപ അനുവദിച്ച് തുടർ നടപടി ആരംഭിച്ചതായും എ.രാജ എംഎൽഎ പറഞ്ഞു.
1കോടി 24 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം രണ്ട് നിലകളിലായി 6425 ചതുരശ്രഅടി വിസ്തീർണത്തിൽ ആറ് ക്ലാസ് മുറികളും രണ്ട് ടോയ്ലറ്റ് കോംപ്ലക്സും ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ് പൂർത്തികരിച്ചത്.
മച്ചിപ്ലാവ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പിടിഎ പ്രസിഡൻ്റ് എൽദോസ് പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.എ ബിനുമോൻ, അടിമാലി എ.ഇ.ഒ ആനിയമ്മ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം എം.പി അലിയാർ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളായ ചാണ്ടി പി അലക്സാണ്ടർ, വിൽസൺ, റൂബി സജി, ബാബു സി.എം, നിർമ്മിതി കേന്ദ്ര അസിസ്റ്റൻ്റ് എഞ്ചിനിയർ സന്തോഷ് കെ.വി, മച്ചിപ്ലാവ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈജി മാത്യു, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു.
















































































































