കാലാനുസൃതമായി കട്ടപ്പന നഗരത്തില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പിലാക്കണം: ബിഡിജെഎസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ

കാലാനുസൃതമായി കട്ടപ്പന നഗരത്തില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു. ഹൈറേഞ്ചിലെ പ്രധാന നഗരമായ കട്ടപ്പന പലപ്പോഴും രൂക്ഷമായ ഗതാഗത കുരുക്കിന്റെ പിടിയിലാണ്. പ്രധാന റോഡുകളുടെ ഇരുവശവും അനധികൃതമായ വാഹന പാര്‍ക്കിംഗ് കാല്‍നടപോലും സാധ്യമല്ലാത്ത രീതിയിലാണ്. കട്ടപ്പന പോലീസ് സ്റ്റേഷനു സമീപം മുതല്‍ പള്ളിക്കവല വരെയുള്ള ഭാഗത്ത് ഫുട്ട്പാത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രമുഖ ആശുപത്രിയും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ റോഡില്‍ക്കൂടി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.ഇത് വലിയ അപകട സാധ്യതയാണ് വിളിച്ചു വരുത്തുന്നത്. പാറക്കടവില്‍ നിന്നുള്ള ബൈപാസ് റോഡും പള്ളിക്കവലയില്‍ സംഗമിക്കുന്നത് സ്കൂള്‍ സമയത്തും മറ്റും വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഇടുക്കി കവലയിലും അശോക ജംഗ്ഷനിലും ഗതാഗത കുരുക്ക് നിത്യ സംഭവമാണ്. ബസ് സ്റ്റോപ്പുകളായി നിജപ്പെടുത്തിയിട്ടുള്ള ഇടങ്ങള്‍ പുനര്‍നിര്‍ണ്ണയം നടത്തുകയും യാത്രക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ബസ് കാത്തിരിപ്പൂ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുവാനും അധികാരികള്‍ തയ്യാറായാകണം. നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാനും ബൈപാസ് റോഡുകളും റിംഗ് റോഡുകളും പ്രയോജനപ്പെടുത്തി നഗരത്തിനുള്ളിലെ വാഹന ബാഹുല്യം കുറയ്ക്കുവാനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.































































































































