കോവിഡ് പോസിറ്റീവും നെഗറ്റീവുമല്ല; എന്താണീ ‘ഇൻകൺക്ലൂസീവ്’ റിസൾട്ട്?
രു വ്യക്തിയിൽ കോവിഡ് പോസിറ്റീവും നെഗറ്റീവും അല്ലാത്ത അവസ്ഥയുണ്ടോ? കോവിഡ് പരിശോധനാ ഫലം ചിലപ്പോഴെങ്കിലും ലാബുകളിൽ നിന്നു ലഭിക്കുന്നത് ഇത്തരത്തിലാകുന്നത് ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നതാണ് വാസ്തവം.
പരിശോധനാ ഫലം ‘ഇൻകൺക്ലൂസീവ്’ എന്നു കാണുമ്പോൾ ഡോക്ടർമാർ നിർദേശിക്കുന്നത് മിക്കപ്പോഴും ഒരാഴ്ച വരെ നീളുന്ന ക്വാറന്റീനാണ്. 48 മണിക്കൂറിനു ശേഷം പരിശോധന വീണ്ടും നടത്തി ഫലം വിലയിരുത്തി രോഗം സ്ഥിരീകരിക്കുന്ന രീതിയും ചില ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
∙ നെഗറ്റീവല്ല ‘ഇൻകൺക്ലൂസീവ്’, പോസിറ്റീവുമല്ല !
ആര്‍ടിപിസിആര്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത് കൊറോണ വൈറസിന്റെ ന്യൂക്ലിക് ആസിഡ് എന്ന ഉള്‍ഭാഗമാണ്. ഇതിൽ ‘N’ ജീൻ നെഗറ്റീവും ആർഡിആർപി/ഒആർഎഫ്1 എബി പോസിറ്റീവും ആണെങ്കിൽ വ്യക്തിയെ പോസിറ്റീവായി കാണണം. ഗുരുതരമായ ലക്ഷണങ്ങളില്ലെങ്കിൽ ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങാം.
എന്നാൽ നെഗറ്റീവായി ഈ അവസ്ഥയെ പരിഗണിക്കുന്നത് അപകടമാണെന്നു എറണാകുളം മെഡിക്കൽ സെന്ററിലെ ഡോ. അജു മാത്യു അഭിപ്രായപ്പെടുന്നു. ഏതു ഘടകമാണ് പോസിറ്റീവായി ദൃശ്യമാകുന്നത് എന്നതനുസരിച്ച് ഫല നിർണയിക്കേണ്ടത് മൈക്രോ ബയോളജിസ്റ്റാണ്. ഐസിഎംആർ മാർഗ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഇതിൽ പരിശോധന ആവർത്തിക്കുകയോ ക്വാറന്റീനോ നിർദേശിക്കുന്നത്.
ഇൻകൺക്ലൂസീവ് റിസൾട്ട് ലഭിച്ചവർ വീട്ടിൽ തന്നെ ക്വാറന്റീനിൽ തുടർന്ന ശേഷം ലക്ഷണങ്ങൾ അധികരിക്കുകയാണെങ്കിൽ തുടർ പരിശോധന നടത്തി ഫലം സ്ഥിരീകരിക്കുന്നതാകും നല്ലതെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. നെഗറ്റീവായി ഇതിനെക്കണ്ട് മറ്റുള്ളവരുമായി ഇടപഴകിയാൽ രോഗമുണ്ടെങ്കിൽ അത് പടരുന്നതിന് കാരണമാകാം.
∙ ഇൻകൺക്ലൂസീവ് സാധ്യതകൾ
നാലു സാഹചര്യങ്ങളിലാണ് ഇൻകൺക്ലൂസീവ് ഫലത്തിന് സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ സൂചിപ്പിക്കുന്നത്.
വൈറസ് ലോഡ് കുറവായ സ്ഥിതിയിൽ കോവിഡ് രോഗം വിലയിരുത്താൻ പരിശോധിക്കുന്ന രണ്ടു ജീനുകളിൽ ഒന്ന് പോസിറ്റീവും മറ്റൊന്നു നെഗറ്റീവുമാകാം. ആ സാഹചര്യത്തിൽ ഫലം ‘ഇൻകൺക്ലൂസീവ്’ എന്നാകും രേഖപ്പെടുത്തുക.
കോവിഡ് പരിശോധനയ്ക്ക് സ്രവ സാംപിൾ എടുക്കുന്നതിന്റെ പോരായ്മയും ഇതിനിടയാക്കാം. ആവശ്യമായ തോതിൽ സ്രവം ലഭ്യമായില്ലെങ്കിൽ ഫലം ഇൻകൺക്ലൂസീവിൽ ഉൾപ്പെടും.
പരിശോധനയിലെ സാങ്കേതിക പിഴവും ഇതിനിടയാക്കാം. ലാബിലേക്ക് സാംപിൾ എത്തിക്കുമ്പോൾ കോൾഡ് ചെയിനിലുണ്ടാകുന്ന പാകപിഴയും ഇതിന് ഇടയാക്കാം. 2 മുതൽ 8 ഡിഗ്രി സെൽഷ്യസാണ് കോവിഡ് സാംപിളിനുള്ള അനുയോജ്യ താപനിലയായി നിജപ്പെടുത്തിയിരിക്കുന്നത്.
∙ പരിശോധനയിൽ മികച്ചത് ആർടി പിസിആർ
കോവിഡ് പരിശോധനയിൽ ആർടിപിസിആർ ഫലം പോസിറ്റീവായാൽ 100 ശതമാനം പോസിറ്റീവായാണ് പരിഗണിക്കുന്നത്. എന്നാൽ നെഗറ്റീവായാൽ 100 ശതമാനം നെഗറ്റീവാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. പരിശോധനയിൽ വരുന്ന പിഴവുകൾ ഫലത്തെ ബാധിക്കാം എന്നതാണ് കാരണം. എന്നാൽ ആന്റിജൻ പരിശോധനാ ഫലത്തെ അപേക്ഷിച്ച് കുറെക്കൂടി ഉറപ്പിക്കാവുന്ന ഫലമാണ് ആർടി പിസിആർ തരുന്നത്.
പെട്ടെന്നു ഫലം അറിയാം എന്നത് ഉൾപ്പടെയുള്ള നേട്ടങ്ങളുണ്ടെങ്കിലും ആന്റിജൻ പരിശോധന തെറ്റായ ഫലം വരുന്നതിനുള്ള സാധ്യത ഉയർന്നതാണ് എന്നതിനാൽ പല സംസ്ഥാനങ്ങളും നേരത്തെ മുതൽ തന്നെ ഇതിന് അംഗീകാരം നൽകിയിരുന്നില്ല. കേരളത്തിലും ആന്റിജൻ പരിശോധന അത്യാവശ്യ ഘട്ടങ്ങളിലൊഴികെ നടത്തുന്നത് ആഴ്ചകളായി നിർത്തി വച്ചിരിക്കുകയാണ്. ആർടിപിസിആർ ഫലം ലഭിക്കാനാകട്ടെ ഒരു ദിവസം വരെ കാലതാമസം വരുന്നു എന്ന പോരായ്മയുമുണ്ട്.
ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ മൂക്കിലെ സ്രവമാണ് ശേഖരിക്കുന്നത്. തൊണ്ടയിലെ സ്രവമാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിന് ശേഖരിക്കുന്നത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആദ്യദിനങ്ങളില്‍ തന്നെ നടത്തുന്ന ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആകാന്‍ സാധ്യത കൂടുതലാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് അഞ്ചാം ദിനം മുതലാണ് സ്രവം എടുക്കുന്നതെങ്കില്‍ പരിശോധനഫലം കൃത്യമായിരിക്കുകയും ചെയ്യും. അതിനാലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാകുന്ന ചില കേസുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് കൂടി ഡോക്ടർമാർ നിർദേശിച്ചിരുന്നതും.
English Summary: Covid ‘inconclusive’ test result – explained