ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ജില്ലാതല മത്സരം നാളെ (ഫെബ്രുവരി 3)

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂള്‍, കോളേജ് തല ജില്ലാ മത്സരം നാളെ (ഫെബ്രുവരി 3) കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കും. സ്‌കൂള്‍ തല മത്സരങ്ങള്‍ രാവിലെ പത്തിനും കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനും ആരംഭിക്കും.
യഥാക്രമം രാവിലെ ഒന്‍പത് മണി മുതലും ഉച്ചയ്ക്ക് 1 മണി മുതലും രജിസ്ട്രേഷന്‍ നടത്താം. സ്‌കൂള്‍ തലത്തില്‍ തൊടുപുഴ, കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരത്തില്‍ വിജയികളായ 20 ടീമുകള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും. കോളേജ് തല മത്സരത്തില്‍ 60 ടീമുകളില്‍ നിന്നായി 120 പേര്‍ പങ്കെടുക്കും. മത്സരം കാണാനെത്തുന്നവര്‍ക്കും ശരിയുത്തരം പറഞ്ഞ് സമ്മാനം നേടാന്‍ അവസരമുണ്ട്.
ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടും. സംസ്ഥാനതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലയില്‍ സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂന്നു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും ലഭിക്കും. കോളജുകള്‍ക്കുള്ള സംസ്ഥാനതല മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂന്നു ലക്ഷം രൂപ, രണ്ടു ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.









































































