നാളെയുടെ സൈനികര്‍ക്ക് ആതിഥ്യമരുളി രാമക്കല്‍മേട്

താമസ സൗകര്യങ്ങള്‍ എല്ലാം റെഡിയാന്നെ…നിങ്ങള്‍ ഇങ്ങ് പോരേന്നെ…
ആതിഥ്യമര്യാദയ്ക്ക് പേരും പെരുമയും കേട്ട നാടാണ് ഇടുക്കി. പ്രത്യേകിച്ച് ജില്ലയിലെ മലയോര ഗ്രാമങ്ങള്‍. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് ഇടുക്കി ജില്ല ആതിഥ്യം വഹിക്കുമ്പോള്‍ നാളയുടെ രാജ്യത്തിന്റെ സൈനികര്‍ക്ക് എല്ലാ സൗകര്യവുമൊരുക്കിയിരിക്കുകയാണ് രാമക്കല്‍മേട് എന്ന ടൂറിസം ഗ്രാമം. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സിന്തറ്റിക്ക് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ 10നാണ് റിക്രൂട്ട്‌മെന്റ് റാലി ആരംഭിച്ചത്. 55 ല്‍ അധികം ടൂറിസ്റ്റ് ഹോമുകള്‍, റിസോര്‍ട്ടുകള്‍,ഹോംസ്റ്റേകളിലായി 600 ല്‍ അധികം പേര്‍ക്ക് നെടുങ്കണ്ടത്തിന് സമീപമുള്ള രാമക്കല്‍മേട്ടില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാമക്കല്‍മേട് റിസോര്‍ട്ട് ആന്റ് ഹോംസ്റ്റേ അസോസിയേഷന്റെ നേതൃത്വത്തില്‍ ന്യായമായ നിരക്കിലാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് എത്തുന്നവര്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്.
ഡോര്‍മെറ്ററി, ഷെയറിംഗ് റൂം, ഡബിള്‍ റൂം തുടങ്ങിയ സൗകര്യങ്ങളാണ് രാമക്കല്‍മേട്ടില്‍ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ നെടുങ്കണ്ടത്തും, കട്ടപ്പനയിലും ന്യായ നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്തിയിരുന്നു.
പുലര്‍ച്ചെ നാല് മണി മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് പരിശോധന ആരംഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രാമക്കല്‍മേട്ടില്‍ നിന്ന് നെടുങ്കണ്ടത്ത് പുലര്‍ച്ചെ നാല് മണിക്ക് എത്തിച്ചേരാനാകും വിധം പുലര്‍ച്ചെ 2.30 മുതല്‍ 15 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഉദ്യോഗാര്‍ഥികളുടെ എണ്ണമനുസരിച്ചാണ് സര്‍വീസുകളുടെ എണ്ണം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബസ് ലഭ്യമാകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഹോംസ്റ്റേ അസോസിയേഷന്റെ നേതൃത്വത്തില്‍ ടാക്‌സി ഏര്‍പ്പെടുത്തിയും കൃത്യസമയത്ത് റിക്രൂട്ട്‌മെന്റ് പോയിന്റിലെത്തിച്ചിരുന്നു. മുന്‍പ് ദേശിയ ജൂഡോ ചാമ്പ്യന്‍ഷിപ്പ്, കിക്ക് ഡ്രഗ്‌സ് മാരത്തോണ്‍ എന്നിവ രാമക്കല്‍മേട്ടില്‍ സംഘടിപ്പിച്ചപ്പോള്‍ അതിഥികള്‍ക്ക് മികച്ച താമസ സൗകര്യവും ഭക്ഷണവും ഒരുക്കി രാമക്കല്‍മേട് ടൂറിസംഗ്രാമം ശ്രദ്ധ നേടിയിരുന്നു. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയ്ക്ക് കുടുംബ സമേതം എത്തുന്ന ഉദ്യോഗാര്‍ഥികള്‍ രാമക്കല്‍മേട് വ്യൂ പോയിന്റ്, കാറ്റാടി പാറ, ആമപാറ ചതുരംഗപാറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് മടങ്ങുന്നതെന്ന് രാമക്കല്‍മേട് റിസോര്‍ട്ട്‌സ് ആന്റ് ഹോം സ്റ്റേ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
രാമക്കല്‍മേട് താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 9526836718, 9447232276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.









































































