മാർ ജോർജ് പുന്നക്കോട്ടിലിന് ഇടുക്കി രൂപതയുടെ സ്നേഹാദരം നാളെ (ബുധൻ) മുരിക്കാശ്ശേരിയിൽ

കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശ്ശേരിയിൽ സ്നേഹാദരവുകൾ അർപ്പിക്കുന്നു. 1977 മുതൽ 2003 വരെ അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനാ യിരുന്നുകൊണ്ട് അദ്ദേഹം നൽകിയ വലിയ സംഭാവനകൾക്ക് പൊതുസമൂഹം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. കോതമംഗലം രൂപതയുടെ മെത്രാൻ ആയിരുന്ന കാലത്ത് ഹൈറേഞ്ച് മേഖലയെ എല്ലാത്തരത്തിലും വളർത്തിക്കൊണ്ടു വരുവാൻ അദ്ദേഹം നടത്തി ഇടപെടലുകൾ ശ്ലാഘനീയമാണ്. ഹൈറേഞ്ചിന് വിദ്യാഭ്യാസ സാധ്യതകളും ആതുര ശുശ്രൂഷാ പ്രവർത്തനങ്ങളും തുറന്നു നൽകിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. ഹൈറേഞ്ചിൽ നിരവധി സ്കൂളുകളും കോളേജും ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രാമങ്ങളിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയെടുക്കുവാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇടുക്കിയെ എല്ലാത്തരത്തിലും സ്വയം പര്യാപ്തതയിൽ എത്തിച്ച ശേഷമാണ് ഹൈറേഞ്ചിലെ ഇടവകകളെ ചേർത്ത് ഒരു പുതിയ രൂപതയ്ക്ക് രൂപം നൽകാൻ അദ്ദേഹം പരിശ്രമിച്ചത്.
തൊണ്ണൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ മുരിക്കാശേരിയിൽ വച്ച് സ്നേഹാദരവുകൾ അർപ്പിക്കും. രാവിലെ 9. 30ന് ഒരിക്കൽ ഫൊറോന ദേവാലയ അങ്കണത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. 10 മണിക്ക് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ആഘോഷമായ സമൂഹ ബലിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും. തുടർന്ന് പാരീഷ് ഹാളിൽ നടക്കുന്ന അനുമോദന യോഗത്തിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ രൂപതയുടെ അനുമോദനങ്ങളും ആശംസകളും അർപ്പിക്കും. രൂപതയിലെ വികാരിയെ ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ രൂപതയിലെ സമർപ്പിത സമൂഹത്തിന്റെ പ്രതിനിധിയായി തിരുഹൃദയ സന്യാസിനി സമൂഹം ഇടുക്കി നവജ്യോതി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി.ഡോ. ടെസ് ലിൻ എസ് എച്ച്, രൂപതയിലെ അല്മായ പ്രതിനിധി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജോർജ് കോയിക്കൽ എന്നിവർ സംസാരിക്കും. രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും എല്ലാ ഇടവകകളിൽ നിന്നുമുള്ള കൈക്കാരൻമാരും ദൈവാലയ ശുശ്രൂഷികളും ചടങ്ങിൽ സംബന്ധിക്കും.
രൂപതാ ചാൻസലർ റവ.ഡോ. മാർട്ടിൻ പൊൻപനാല്‍,ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. സെബാസ്റ്റ്യൻ വടക്കേൽ,ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.













































































