വിശ്വവിഖ്യാതമായൊരു അടിവസ്ത്രവും ആന്റണി രാജുവെന്ന രാഷ്ട്രീയക്കാരന്റെ ജീവിതവും

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി വിദേശ പൗരനായ പ്രതിയെ രക്ഷപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിയായ അഭിഭാഷന്‍ കുറ്റക്കാരനാണെന്ന് കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 30 വര്‍ഷത്തിന് ശേഷമാണ് വിധിവരുന്നത്. ശിക്ഷിക്കപ്പെട്ട പ്രതി രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടര വര്‍ഷക്കാലം ഗതാഗത വകുപ്പുമന്ത്രിയായിരുന്നു. നിലവില്‍ തിരുവനന്തപുരം എംഎല്‍എയുമാണ്. 1990 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഹാഷിഷ് ഓയിലുമായി പിടിക്കപ്പെട്ട ഓസ്ട്രേലിയന്‍ പൗരനായ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താനായി പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു നടത്തിയ കൃത്രിമമാണ് ഇപ്പോള്‍ വിനയായി മാറിയിരിക്കുന്നത്. വിദേശ പൗരനായ പ്രതിക്കായി ആന്റണി രാജുവിന്റെ സീനിയര്‍ അഭിഭാഷകയായിരുന്ന സെലിന്‍ വില്‍ഫ്രഡായിരുന്നു കോടതിയില്‍ ഹാജരായിരുന്നത്.
കോടതിയില്‍ നിന്നും യഥാര്‍ഥ തൊണ്ടിയായ അടിവസ്ത്രം മാറ്റി മറ്റൊന്ന് വച്ചുവെന്ന് കോടതി ജീവനക്കാരന്‍ ഒന്നാം പ്രതിയും പ്രതിഭാഗം അഭിഭാഷകനായ ആന്റണി രാജു രണ്ടാം പ്രതിയുമായി കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തു. എന്നാല്‍ കേസ് രാഷ്ട്രീയ സ്വാധീനം വച്ച് ആന്റണി രാജു വൈകിപ്പിക്കുകയും കോടതിയില്‍ ഹാജരാവാതിരിക്കുകയുമായിരുന്നു. ഒടുവില്‍, നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവും ജോസും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതോടെ, ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനവും അസാധുവാക്കപ്പെടും.
തൊണ്ടിമുതല്‍ മാറ്റി കേസ് അട്ടിമറിച്ച കേസില്‍ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയായിരിക്കെ ആന്റണി രാജു ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ 2024 നവംബര്‍ 20ന് സുപ്രീംകോടതി ആന്റണി രാജുവും കൂട്ടുപ്രതിയും കേസില്‍ വിചാരണ നേരിടണമെന്ന് വിധിച്ചു. പരമോന്നത കോടതിയില്‍ നിന്നടക്കം തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കേസില്‍ വീണ്ടും വിചാരണ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ഇടത് നേതാവായ ആന്റണി രാജു വിചാരണക്കോടതയില്‍ ഹാജരാവാതെ വന്നതോടെ തുടര്‍നടപടിക്രമങ്ങള്‍ വര്‍ഷങ്ങളോളം നിലച്ചിരിക്കുകയായിരുന്നു.
തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ആന്റണി രാജുവിന്റെ അന്യായം തള്ളിയ വിധിന്യായത്തില്‍ സുപ്രിംകോടതി പറഞ്ഞിരുന്നു. തൊണ്ടിമുതലില്‍ ആന്റണിരാജു കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു സര്‍ക്കാറിന്റെ സത്യവാങ്മൂലം. കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്ന കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ആന്റണി രാജുവിന് സഹായകമായ നിലപാട് സ്വീകരിച്ചെങ്കിലും തിരിച്ചടികിട്ടി.
വിദ്യാര്‍ഥി പ്രസ്ഥാനമായ കെഎഎസ്‌സിയില്‍ പ്രവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ആന്റണി രാജു ഒരുകാലത്ത് കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതനായി നേതാവായിരുന്നു. മുന്‍ മന്ത്രി പിജെ. ജോസഫിന്റെ വിശ്വസ്ഥനുമായാണ് അറിയപ്പെട്ടിരുന്നത്. 1987 മുതല്‍ 1997 വരെ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും 1998-ല്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1990-ല്‍ ശംഖുമുഖം ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സില്‍ അംഗമായതോടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ എം.എം. ഹസനോട് പരാജയപ്പെട്ടു. 1996-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി.
2001-ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയായ സിഎംപി നേതാവ് എംവി രാഘവനോട് പരാജയപ്പെട്ടു.
2010-ല്‍ ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചെങ്കിലും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണി ഗ്രൂപ്പ് വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍ഡിഎഫിന്റെ ഭാഗമായി. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ വിഎസ്. ശിവകുമാറിനോട് പരാജയപ്പെട്ടു. 2020ല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടി വിട്ട് പി.ജെ. ജോസഫിന്റെ ഗ്രൂപ്പില്‍ ലയിച്ചെങ്കിലും രാജുവും, കെ.സി. ജോസഫും ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്‍ ഉറച്ച് ഇടതുപക്ഷത്ത് തന്നെ നിന്നു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രാജു സിറ്റിംഗ് എംഎല്‍എയായിരുന്ന വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി. 2021 മെയ് 20 മുതല്‍ 2023 ഡിസംബര്‍ 24 വരെ രണ്ടാം തവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ആന്റണി രാജു. ഇടതുപക്ഷ എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജു ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നത് വന്‍ തിരിച്ചടിയാണ് സര്‍ക്കാരിന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണിക്കെതിരെ എതിരാളികള്‍ ആന്റണി രാജുവിനെയും ഒരു തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കാട്ടാനുള്ള സാധ്യതയേറെയാണ്.













































































