സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് അഞ്ച് വർഷം പഞ്ചായത്ത് പ്രസിഡൻറായിരുന്നയാൾ പാർട്ടി വിട്ടു. ഇടുക്കിയിലെ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് കെ ജേക്കബാണ് സിപിഎം ബന്ധം ഉപേക്ഷിച്ചത്

സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് അഞ്ച് വർഷം പഞ്ചായത്ത് പ്രസിഡൻറായിരുന്നയാൾ പാർട്ടി വിട്ടു. ഇടുക്കിയിലെ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് കെ ജേക്കബാണ് സിപിഎം ബന്ധം ഉപേക്ഷിച്ചത്. പ്രസിഡൻറായിരിക്കെ സിപിഎം നേതാക്കളിൽ നിന്നുണ്ടായ ഒറ്റപ്പെടുത്തലാണ് തീരുമാനത്തിനു കാരണം
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയാണ് ജെയിംസ് കെ ജേക്കബ് പാർട്ടി വിട്ടത്. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലാ നേതാവായി വളർന്നുവന്ന ജെയിംസ് കെ ജേക്കബ് ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ മാട്ടുത്താവളം വാർഡിൽ നിന്നാണ് ജയിച്ചത്. പട്ടിക വർഗ്ഗ സംവരണമായിരുന്ന പ്രസിഡൻറ് സ്ഥാനം എൽഡിഎഫ് ജെയിംസിന് നൽകി. പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരനെ കൂട്ടുപിടിച്ച് സിപിഎമ്മും കോൺഗ്രസും നടത്തിയ അഴിമതികൾക്കെതിരെ പ്രതികരിച്ചതോടെ ഇദ്ദേഹം പാർട്ടിയുടെ കണ്ണിലെ കരടായി. എൽഡിഎഫ് ജനപ്രതിനിധി ഉൾപ്പെടെ അനർഹരായ നിരവധി പേർക്ക് ലൈഫ് മിഷനിൽ വീട് നൽകിയത് പുറത്തു കൊണ്ടു വന്നതോടെ ഭിന്നത രൂക്ഷമായി. ഇതോടെ ഭരണ പ്രതിപക്ഷ കക്ഷികൾ ജെയിംസ് കെ ജേക്കബിന് കടന്നാക്രമിച്ചു. ഈ സമയത്തൊന്നും സിപിഎം പിന്തുണ ജെയിംസിന് കിട്ടിയില്ല.
ബ്ലോക്ക് പഞ്ചായത്ത് വളകോട് ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാനാണ് ജെയിംസ് കെ ജേക്കബിൻറെ തീരുമാനം. കോൺഗ്രസും ബിജെപിയും ഡിഎംകെയും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം ജെയിംസും രംഗത്തിറങ്ങുന്നതോടെ മത്സരം കടുക്കും. ലൈഫ് ഭവന പദ്ധതിയിൽ അനർഹരെ തിരികി കയറ്റിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ജെയിംസ് കെ ജേക്കബ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.













































































