കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും വില കുതിച്ചുയര്‍ന്നു;ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കട്ടപ്പന: കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും വില ക്രമാതീതമായി ഉയരുന്നത് ഗ്രാമീണ മേഖലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വില വര്‍ദ്ധനവ് മൂലം ഈ രംഗത്ത പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും വില പിടിച്ചുനിര്‍ത്താന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മുന്‍പ് ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായങ്ങള്‍ കാലിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴതില്ല.കാലിത്തീറ്റ വില നാലുമാസത്തിനിടെ 100 രൂപ വര്‍ധിച്ചപ്പോള്‍ കോഴിത്തീറ്റയുടേത് ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലേറെ കൂടി.
കെ.എഫ് കാലിത്തീറ്റ 50 കിലോ ചാക്കിന് 1395 രൂപയാണ് ഇപ്പോഴത്തെ വില. ഇതേ തൂക്കംവരുന്ന കോഴിത്തീറ്റക്ക് 2250 രൂപയും. കോഴിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സോയാബീന്‍സിനും ചോളത്തിനും വില വലിയതോതില്‍ ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണമായി പറയുന്നത്. കര്‍ഷസമരം തുടരുന്നതിനാല്‍ ഉല്‍പാദനം കുറഞ്ഞതോടെ വിദേശത്തുനിന്നാണ് സോയബീന്‍സ് അടക്കം എത്തുന്നത്. പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്ന പരുത്തിപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, ചോളം എന്നിവക്കെല്ലാം 120 രൂപവരെ കൂടി. 50 കിലോയുടെ ഒരുചാക്ക് പരുത്തിപ്പിണ്ണാക്കിന് 3032 രൂപയായിരുന്നതിന് ഇപ്പോള്‍ 42 രൂപ വര്‍ധിച്ചു. കടലപ്പിണ്ണാക്കിന് ഒരുമാസം മുമ്പുവരെ 40 രൂപയായിരുന്നു. അതിപ്പോള്‍ 55 മുതല്‍ 60 രൂപവരെയായി. തേങ്ങാപ്പിണ്ണാക്കിന് 25 രൂപയില്‍നിന്ന് 35 രൂപയായി.
കേരളത്തില്‍ പ്രധാനമായി കോഴിത്തീറ്റ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഒരോമാസവും വില ഉയര്‍ന്നതോടെ നൂറുകണക്കിന് കര്‍ഷകരാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍ നിര്‍ത്തിവച്ചത്. ഒരുകിലോ കോഴിയിറച്ചിക്ക് 135 മുതല്‍ 150 രൂപവരെയാണ് ഹൈറേഞ്ചില്‍ വിവിധയിടങ്ങളിലെ ചില്ലറ വില്‍പന വില. തീറ്റവില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ചില്ലറ വിപണിയില്‍ ഇറച്ചിക്കോഴി വില ഉയര്‍ന്നതോടെ വില്‍പനയും കുറഞ്ഞു. കാലിത്തീറ്റയുടെ വിലവര്‍ധനക്കനുസരിച്ച് പാല്‍വില ഉയര്‍ന്നിട്ടില്ല. പാലിന് ഇപ്പോഴും ലിറ്ററിന് 35 രൂപയില്‍ താഴെയാണ് കര്‍ഷകര്‍ക്ക് മില്‍മ നല്‍കുന്നത്. എട്ടുമാസമായി നല്‍കിയിരുന്ന 100 രൂപ സബ്‌സിഡി ഒരുമാസത്തിനുള്ളില്‍ രണ്ടുതവണയായി പിന്‍വലിച്ചു. മില്‍മ പാല്‍ വില്‍ക്കുന്നത് 46 രൂപക്കാണ്.
പ്രദേശിക മില്‍മ സഹകരണ സംഘങ്ങള്‍ പാല്‍ ചില്ലറ വില്‍ക്കുന്നതും 46 രൂപക്കാണ്. കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും വില കുറക്കുകയും ഈ മേഖലയിലെ കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.