കട്ടപ്പനയിൽ മതിലിടിഞ്ഞു വീണ് വീട് നശിച്ച സംഭവത്തിൽ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് വീട്ടുകാർ

കട്ടപ്പന ബൈപ്പാസ് റോഡിൽ ശാന്തിപ്പടി ഭാഗത്ത് മതിലിടിഞ്ഞുവീണ് വീടു നശിച്ച സംഭവത്തിൽ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. 18 ന് പുലർച്ചെ 2.30 നാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൂറ്റൻ കോൺക്രീറ്റ് മതിലിടിഞ്ഞ് പ്രദേശവാസിയായ കൂവേലിൽ തങ്കച്ചന്റെ വീടിന് സമീപത്തേക്ക് വീണത്. മതിലിടിഞ്ഞതോടെ മേൽക്കൂര പൊളിഞ്ഞ് മതിലിന്റെ അവശിഷ്ടങ്ങളും മണ്ണും ചെളിയും മുറിയിൽ പതിച്ചു. സമീപത്തെ മരങ്ങളും കടപുഴകി വീടിന് സമീപത്തേക്ക് എത്തിയിട്ടുണ്ട്. സംഭവ ദിവസം വീട്ടുടമസ്ഥർ ബന്ധുവീട്ടിലേക്ക് മാറിയതിനാൽ വലിയ അപകടം ഒഴിവായി. പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു അധികൃതരും വിവിധ രാഷ്ട്രീയ നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും സ്ഥലം സന്ദർശിച്ചു. മതിൽ നിർമാണം അശാസ്ത്രീയമെന്ന് കാട്ടി തങ്കച്ചൻ മുൻപ് അധികൃതരെ സമീപിച്ചിരുന്നു. സ്ഥലം ഉടമയോടും ഇക്കാര്യം ചൂണ്ടിക്കാട്ടി സമീപിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ല എന്ന് ഇവർ പറയുന്നു. വൻ തോതിൽ പുറത്തു നിന്ന് എത്തിച്ച മണ്ണ് ദുർബലമായ മതിൽ ഉപയോഗിച്ച് തടഞ്ഞു നിർത്തിയതാണ് അപകടത്തിന് കാരണം. അഞ്ചു മാസത്തിന് മുൻപ് മതിലിന്റെ അടിയിൽ നിന്നും മണ്ണ് ഒലിച്ച് ചാടുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അന്ന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സ്ഥലം ഉടമ ഇടപെട്ടില്ല. നിലവിൽ വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും തങ്കച്ചനും കുടുംബവും പറയുന്നു. സംഭവത്തിൽ നടപടിയെടുത്തിട്ടുണ്ട് എന്നാണ് കട്ടപ്പന വില്ലേജ് ഓഫീസ് അധികൃതർ പറയുന്നത്. നഷ്ടം കണക്കാക്കി നൽകേണ്ടത് നഗരസഭാ എൻജിനീയറിങ്ങ് വിഭാമാണെന്നും നഷ്ടത്തിന്റെ കണക്ക് ലഭിച്ചാൽ നടപടികളിലേക്ക് കടക്കുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.









































































