കട്ടപ്പന: പുറ്റടി സ്‌പൈസസ് പാര്‍ക്കിലെ ഏലക്കലേലം നിലച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച കര്‍ഷകസംഘടനകള്‍ പരിഹാരം കാണാന്‍ 12ന് കുമളിയില്‍ യോഗം ചേരും. പുറ്റടിയില്‍ ലേലം നിലക്കുകയും സ്വകാര്യ ഏജന്‍സികള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് സ്വകാര്യ ലേലം ആരംഭിക്കുകയും ചെയ്തു. സ്‌പൈസസ് പാര്‍ക്കിലെ ഓണ്‍ലൈന്‍ ലേലം അട്ടിമറിക്കാന്‍ തമിഴ്നാട്ടിലെ ബോഡിനായ്കന്നൂര്‍ കേന്ദ്രീകരിച്ചു ഉത്തരേന്ത്യന്‍ ലോബി പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് പുറ്റടിയില്‍ ലേലം നിലച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടര്ന്ന് അന്തര് സംസ്ഥാന വ്യാപാരികള്‍ക്ക് പുറ്റടിയിലേക്ക് വരാനാവില്ലെന്ന് പറഞ്ഞാണ് ലേലത്തില്നിന്ന് തമിഴ് വ്യാപാരികളും ഏജന്സികളും വിട്ടുനിന്നത്. പുറ്റടിയില്‍ ലേലം നടക്കുമ്ബോള് സാധാരണഗതിയില് തമിഴ്നാട്ടില്നിന്ന് അറുപതോളം വ്യാപാരികളും ഉത്തരേന്ത്യേന് വ്യാപാരികളുടെ ഏജന്റുമാരും പങ്കെടുക്കാറുണ്ട്. യാത്രപ്പടി നല്കിയാണ് ലേല ഏജന്‍സികള്‍ വ്യാപാരികളെ എത്തിച്ചിരുന്നത്.
പുറ്റടിയിലെ ലേലം നിലച്ചതോടെ സ്വകാര്യ കമ്ബനികളുടെ ഓണ്‍ലൈന്‍ ലേലത്തെ മാത്രം ആശ്രയിച്ചാണ് ഇപ്പോള്‍ ഏലക്കലേലം. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഉത്തരേന്ത്യന്‍ വ്യാപാരികളുമായി അടുത്ത ബന്ധമുള്ള ലേല ഏജന്‍സികള്‍ക്ക് സ്വകാര്യലേലം നടത്തുന്നത് വലിയ ലാഭം ഉണ്ടാക്കും. പുറ്റടിയിലെ ലേലത്തില്‍ പങ്കെടുത്ത 12 കമ്ബനികളില്‍ 11 എണ്ണവും ബോഡിനായ്കന്നൂര്‍ കേന്ദ്രീകരിച്ചു സ്വകാര്യലേലം തുടങ്ങി. ഒരു പ്രമുഖ കമ്ബനിയുടെ ബോഡിനായ്കന്നൂരിലേ ഗോഡൗണ്‍, ഓഫിസ്, കമ്ബ്യൂട്ടര്‍ സംവിധാനങ്ങള്‍ വാടകക്കെടുത്താണ് ചില സ്വകാര്യ കമ്ബനികള്‍ ഓണ്‍ലൈന്‍ ലേലം തുടങ്ങിയത്. പുറ്റടിയിലെ ലേലം നിലച്ചതോടെ വ്യാപാരികള്‍ക്ക് കേരളത്തിലേക്ക് വരേണ്ടിവരില്ല. ഇത് കേരളത്തിലെ ഏലം കര്‍ഷകരെ, സ്വകാര്യ കമ്ബനികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഏലക്ക വില്‍ക്കേണ്ട ഗതികേടിലേക്ക് എത്തിച്ചിരിക്കുകയാണ്.
വണ്ടന്മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ ഹാളില്‍ വിവിധ കര്‍ഷക സംഘടനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ആശങ്ക പങ്കുെവച്ചത്.