ഭൂ പതിവ് ചട്ടഭേദഗതി നിയമത്തിലൂടെയുള്ള ജനവഞ്ചനക്കെതിരായികർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26 ന് കർഷക മുന്നേറ്റപദയാത്ര

കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 26 ന് മുരിക്കാശ്ശേരിയിൽ നിന്നും ചെറുതോണിയിലേക്ക് ഭൂ പതിവ് ചട്ടഭേദഗതി നിയമത്തിലൂടെയുള്ള ജനവഞ്ചനക്കെതിരായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു നയിക്കുന്ന കർഷക മുന്നേറ്റപദയാത്ര നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കൻ അറിയിച്ചു. ചട്ടഭേദഗതിയിലൂടെ ജില്ലയിലെ മുഴുവൻ ഭൂ പ്രശ്നങ്ങൾക്കും പരിഹാരമായി എന്ന് പറയുന്ന ഇടതുമുന്നണി നേതാക്കൾ, ഏതെല്ലാം പ്രശ്നങ്ങളാണ് പരിഹരിച്ചതെന്ന് ജില്ലയിലെ കർഷക ജനതയെ ബോധ്യപ്പെടുത്താതെ വ്യാപകമായ കള്ള പ്രചരണങ്ങൾ നടത്തുകയാണ്.പതിറ്റാണ്ടുകളായി കൃഷി ചെയ്ത് ഉപജീവനം കഴിച്ചുപോരുന്ന പട്ടയ ഭൂമിയിൽ നിർമ്മിച്ച വീടിനുപോലും പണമടച്ചു ക്രമവൽകരണം നടത്തണമെന്ന ചട്ട ഭേദഗതി ഉൾപ്പെടെയുള്ള പരിഷ്കരിച്ച നിയമങ്ങളെല്ലാം നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വൻ അഴിമതിക്കുള്ള അവസരം ഇടതു സർക്കാർ ഉണ്ടാക്കി കൊടുത്തിരിക്കുന്നു. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും വലിയ ആശങ്കയിലാണ്.കർഷക വിരുദ്ധ നിയമങ്ങൾ മാറ്റണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി കർഷക മുന്നേറ്റ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 26 ന് രാവിലെ 9 മണിക്ക് മുരിക്കാശ്ശേരിയിൽ കെ പി സി സി വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ പദയാത്ര ഉത്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് ചെറുതോണിയിൽ സമാപന സമ്മേളനം കെ പി സി സി പ്രസിഡന്റ് ബഹു : അഡ്വ : സണ്ണി ജോസഫ് ഉത്ഘാടനം നിർവ്വഹിക്കും. പദയാത്രയുടെ മുന്നൊരുക്കത്തിനായി ഇടുക്കി ഡി സി സി യിൽ ചേർന്ന കർഷക കോൺഗ്രസ് ജില്ലാ എക്സി : കമ്മറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉത്ഘാടനം ചെയ്തു.ടോമി പാലയ്ക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ജോയി ഈഴക്കുന്നേൽ, ജോയി വർഗീസ്, അജയ് കളത്തൂകുന്നേൽ, ബാബു അത്തിമൂട്ടിൽ, എഫ് രാജ, തങ്കച്ചൻ കാരക്കാവയലിൽ, ജോസ് ആനക്കല്ലിൽ, റോബിൻ ജോസഫ്,ബേബി പുളിക്കകുന്നേൽ, അലീസ് കുത്തനാപ്പള്ളി, ടോമി തെങ്ങും പള്ളി, എം പി ഫിലിപ്പ്, രാജീവ് എസ് വി, ജയൻ കുരുവിള മുതലായവർ പ്രസംഗിച്ചു.









































































