വീടുകൾ ചട്ടലംഘനമാണെന്നും ക്രമവൽക്കരിക്കണമെന്നുമുള്ള നിർദേശം മലയോര ജനതയെ രണ്ടാംകിട പൗരൻമാരാക്കുന്നതാണെന്നും ഈ നിർദേശം പിൻവലിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.

അപേക്ഷഫീസും മുദ്രപത്രത്തിന്റെ വിലയുമടച്ച് ക്രമവൽക്കരിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. പട്ടയഭൂമിയിൽ വീടുകൾ നിർമ്മിക്കാൻ പാടില്ലെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. കാർഷിക ആവശ്യത്തിന് പതിച്ച് നൽകിയ ഭൂമിയിൽ റിസോർട്ട് നിർമ്മിക്കുന്നത് പട്ടയ വ്യവസ്ഥകളുടെ ലംഘനമാണെന്ന പിണറായി സർക്കാരിന്റെ നിലപാട് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് നിലവിലുള്ളത്.
റിസോർട്ട് നിർമ്മാണത്തിന് നിരോധന ഉത്തരവ് നൽകിയതിനെതിരെ 2016 ഒക്ടോബറിൽ നൽകിയ WP(C) 32143/2016, 32145/2016 എന്നീ കേസുകളിലാണ് സർക്കാരിന് വേണ്ടി ഹാജരായ സി പി ഐ നേതാവായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള പട്ടയഭൂമിയിൽ കൃഷിചെയുന്നതിനും വീട് നിർമ്മാണത്തിനും മാത്രമാണ് അനുമതിയുള്ളതെന്നും അല്ലാതെയുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്നും നിലപാട് സ്വീകരിച്ചത്. സർക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് പട്ടയവ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണം പാടില്ലെന്ന് കോടതി പറഞ്ഞത്. ഈ കോടതി വിധിയെ തുടർന്നാണ് ജില്ലയിൽ ഭൂ പതിവ് നിയമം ലംഘിച്ചുള്ള നിർമ്മാണം പാടില്ലെന്ന ഉത്തരവ് 22/8/2019 ൽ ഒന്നാം പിണറായി സർക്കാർ ഇറക്കിയത്. ഇതിനെ തുടർന്നാണ് ജില്ലയിലെ ഭൂ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നത്. സ്വന്തം സർക്കാരിന്റെ വീഴ്ച്ച കൊണ്ടുണ്ടായ പ്രശ്നങ്ങൾ കോടതി ഉത്തരവിന്റെ പേരിലാക്കി രക്ഷപെടാനാണ് സിപിഎം ജില്ലാ സെക്രട്ടറിയടക്കമുള്ള ഇടതു നേതാക്കളുടെ നീക്കം. പട്ടയഭൂമിയിലുള്ള വീട് അടക്കമുള്ള എല്ലാ നിർമ്മാണങ്ങളും ക്രമവൽക്കരിക്കണമെന്ന ചട്ട ഭേദഗതിയിലെ നിർദേശവും കോടതി. ഉത്തരവിന്റെ പേരിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ആറര പതിറ്റാണ്ടായി ജില്ലയിലുള്ള നിർമ്മാണങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവുണ്ടന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാദം തെറ്റാണ്. ഇല്ലാത്ത കോടതി ഉത്തരവിന്റ പേരിൽ ചട്ടഭേദഗതിയുടെ മറവിൽ നടക്കുന്ന കൊള്ളയടിയെ ന്യായികരിക്കാനുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ നീക്കം വിലപോവില്ല. ജില്ലയിൽ നിലവിലുള്ള ഭൂ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ നിലവിലെ ചട്ടഭേദഗതി കൊണ്ട് കഴിയില്ല. നിർമാണ നിരോധനം അതേ പടി തുടരും. ദുരന്തനിവാരണ നിയമപ്രകാരം നിർമ്മാണ നിയന്ത്രണമുള്ള 13 പഞ്ചായത്തുകളിലെ നിർമ്മാണങ്ങളും നിയമവിരുദ്ധമായി തുടരും. മുൻപ് എല്ലാ അനുമതിയും വാങ്ങി അന്ന് അടക്കേണ്ട ഫീസും അടച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നമ്പർ ലഭിച്ച് നിലവിൽ നികുതിയടച്ച് ഒരു പ്രശ്നങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പിഴയടച്ച് ക്രമവൽകരിക്കാൻ പറയുന്നതല്ലാതെ ജില്ലയിലെ ഇപ്പോൾനിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് നിർദേശങ്ങളാണ് ചട്ട ഭേദഗതിയിലുള്ളതെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കണം. പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകൾ ചട്ടലംഘനമാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന ഓണസമ്മാനത്തിലും നല്ലത് ജില്ലയിലെ ജനങ്ങളെ പാതാളത്തിലേക്ക് ചവിട്ടി താഴുത്തുന്നതായിരുന്നന്നെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മനസിലാക്കണം.
പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണം തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. 13 പഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണം. ഏലം പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനം. 1964 ലെ ഭൂ പതിവ് നിയമ പ്രകാരമുള്ള പട്ടയ വിതരണം തടഞ്ഞ ഹൈക്കോടതി വിധി, സി എച്ച് ആറിലെ പട്ടയ വിതരണം തടഞ്ഞ സുപ്രീം കോടതി വിധി, ഈ കേസുകൾ നടത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ച്ച, വ്യാപാരസ്ഥാപനങ്ങൾ, മൂന്ന് ചെയിൻ, 10 ചെയിൻ മേഖല, ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം നൽകാത്ത വിഷയങ്ങൾ, ഹിൽമെൻ സെറ്റിൽമെന്റുകളിലെ പട്ടയ വിഷയങ്ങൾ, പഴയ റിസർവ് വനത്തിന്റെ വിഞ്ജാപനത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ പട്ടയ കൈവശഭൂമിയിൽ വനം വകുപ്പ് അവകാശം സ്ഥാപിക്കുന്നത്. കൃഷി ഭൂമിയുൾപ്പടെ ഇരുപത്തി രണ്ടായിരം ഹെക്ടർ ഭൂമി പുതിയതായി സംരക്ഷിത വനമാക്കി മാറ്റിയത്. എന്നീ ജില്ലയെ ബാധിക്കുന്ന അടിസ്ഥാന ഭൂ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെയാണ് ജില്ലയിലെ ഭൂ പ്രശ്നങ്ങളെല്ലാം ശാശ്വതമായി പരിഹരിച്ചുവെന്ന കള്ളപ്രചാരണവുമായി മുഖ്യമന്ത്രിയും ഇടതുനേതാക്കളും രംഗത്ത് വരുന്നത്. ജില്ലയിലെ വിഷയങ്ങളെ പോലും കൃത്യമായി പഠിക്കാതെ പ്രസ്താവന നടത്തുന്ന സിപിഎം ജില്ലാ സെക്രട്ടറി ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹൻ, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ പങ്കെടുത്തു.













































































