നിർമ്മാണ നിരോധനം നീക്കുന്നതിനുള്ള ചട്ടങ്ങളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത് സ്വാഗതാർഹമാണ്. എന്നാൽ 1964ലെ ചട്ട പ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിന് കെട്ടിടം നിർമ്മിക്കാൻ പുതിയ ചട്ടത്തിലും അനുമതിയില്ല. ഇടുക്കിയിൽ ഭൂരിഭാഗവും 1960ലെ ഭൂപതിവ് നിയമവും 1964ലെ ഭൂപതിവ് ചട്ടപ്രകാരവും അനുവദിച്ച പട്ടയങ്ങളാണ്. ഈ ഭൂമിയിൽ കൃഷിക്കും താമസിക്കുന്നതിനുള്ള വീട് നിർമ്മിക്കുന്നതിനും മാത്രമാണ് അനുമതിയുള്ളത്. 2024 ജൂൺ 7 വരെ നിർമ്മിച്ച കെട്ടിടങ്ങൾ ഫീസ് അടച്ച് ക്രമവൽക്കരിക്കാൻ ഉള്ള ഭൂപതിവ് നിയമഭേദഗതി ചട്ടം ഏഴാം വകുപ്പിലെ ഒഎ ( ഉപവകുപ്പ് 1) ചട്ടമാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. പട്ടയ ഭൂമിയിൽ വാണിജ്യാവശ്യത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകുന്നത് ഭൂപതിവ് നിയമം ഭേദഗതി ഏഴാം വകുപ്പിന്റെ ഒബി ചട്ടപ്രകാരമാണ്. ഈ ചട്ടങ്ങൾ രൂപീകരിക്കാതെ മലയോര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. മലയോര നിവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. മലയോരമേഖലയിലെ നിർമ്മാണ നിരോധനം മറികടക്കുന്നതിനും ഒബി വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങളാണ് പ്രഥമ പരിഗണന നൽകി പുറപ്പെടുവിക്കേണ്ടിയിരുന്നത്. നിർമ്മാണ നിരോധനവും വന്യമൃഗ ശല്യവുമാണ് മലയോര മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ. നിർമ്മാണ നിരോധനം മലയോര മേഖലയിലെ സമഗ്ര മേഖലയെയും സാരമായി ബാധിച്ചിരിക്കെ നിർമ്മാണ നിരോധനം മറികടക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കുന്നത് ഇനിയും താമസിക്കുന്നത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. നിർമ്മാണ നിരോധനം നിലനിൽക്കുന്നിടത്തോളം കാലം ഭൂമിയുടെ മൂല്യം കുറയുകയും ടൂറിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഹൈറേഞ്ചിന്റെ സമ്പത്ത് ടൂറിസവും റിയൽ എസ്റ്റേറ്റ് വാല്യുവുമാണ്. ഈ മേഖലയിലുള്ള ഇടിവ് ഹൈറേഞ്ചിന്റെ വളർച്ചയെ പിറകോട്ടടിക്കും. ആയതിനാൽ ഒബി ചട്ടങ്ങൾ എത്രയും വേഗം രൂപീകരിച്ച് മലയോര പ്രദേശത്തെ ഭൂവിഷയങ്ങളിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഗവൺമെന്റ് ഇച്ഛാശക്തി കാണിക്കണം. പിഴയടച്ചുള്ള ക്രമവൽക്കരണം അഴിമതിയിലേക്ക് വഴിമാറാതിരിക്കാനുഉള്ള ജാഗ്രതയും ശ്രദ്ധയും ഉണ്ടാകണമെന്നും ഇടുക്കി രൂപത വക്താവ് ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.









































































