തൊടുപുഴയിൽ വിവിധയിടങ്ങളില്‍ തൊടുപുഴ പോലീസ് സ്റ്റേഷന്റെയും, വനിത ഹെൽപ്പ് ലൈനിന്റെയും, ഇടുക്കി വനിതാ സെല്ലിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി

തൊടുപുഴ – ഡോക്ടർ. എപിജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പ്രസിഡൻസി കോളേജ് തൊടുപുഴ, തൊടുപുഴ മാർക്കറ്റ് എന്നിവിടങ്ങളിൽ തൊടുപുഴ പോലീസ് സ്റ്റേഷന്റെയും ഇടുക്കി വനിതാ സെല്ലിന്റെയും തൊടുപുഴ വനിതാ ഹെൽപ്പ് ലൈനിന്റെയും ആഭിമുഖ്യത്തിൽ സംയുക്ത സന്ദർശനം നടത്തി. തൊടുപുഴ പോലീസ് സ്റ്റേഷൻ പി ആർ ഓ ബിജു വി എ, ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർമാരായ പ്രിയാ മധുസൂദനൻ, സബിതാ റ്റി ഐ, തൊടുപുഴ വനിത ഹെൽപ്പ് ലൈനിലെ സിവിൽ പോലീസ് ഓഫീസർമാരായ താഹിറ വി എ, സുധീഷ് കൃഷ്ണൻകുട്ടി എന്നിവർ സ്കൂൾ കുട്ടികളുമായും പ്രദേശവാസികളുമായും സംവദിച്ചു.
പോലീസില്‍ നിയമസഹായം തേടുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, അവരുടെ വേവലാതികള്‍ യാതൊരു ഭയമോ, തടസ്സമോ കൂടാതെ അവര്‍ക്ക് നേരിട്ട് അറിയിക്കുവാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക, സ്വീകരിച്ച പരാതികൾ, ആവശ്യമുണ്ടെങ്കില്‍ ഉന്നത അധികാരികളിലേക്ക് എത്തിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി വീട്ടിലോ, ജോലി സ്ഥലങ്ങളിലോ, പൊതുസ്ഥലങ്ങളിലോ ഉള്ള അതിക്രമങ്ങളെ ചെറുക്കുകയും, സംരക്ഷണം നല്‍കുകയും ചെയ്യുക, തുടങ്ങിയ സേവനങ്ങള്‍ ഇടുക്കി വനിതാ സെല്ലിന്‍റെയും, വനിതാ ഹെല്‍പ്പ് ലൈനുകളുടേയും നേതൃത്ത്വത്തില്‍ ഇടുക്കി ജില്ലയില്‍ ചെയ്തുവരുന്നു.









































































