പത്തനംതിട്ടയിൽ കുടുംബകലഹത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

പത്തനംതിട്ടയിൽ കുടുംബകലഹത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു.
പത്തനംതിട്ട പുല്ലാട്ട് ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകശേഷം ഒളിവിൽ പോയ ശാരിമോളുടെ ഭർത്താവ് ജയകുമാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ക്രൂരകൃത്യം നടന്നത്.
ആക്രമണത്തിൽ ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും പരുക്കേറ്റു. ശാരിയെ സംശയിച്ചിരുന്നു ജയകുമാർ, നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം.
ഇതിനെ തുടർന്ന് ശാരിമോള്‍ പലതവണ പൊലീസില്‍ ജയകുമാറിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ജയകുമാറിനെ കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്.
തുടർന്ന് ശനിയാഴ്ച രാത്രിയോടെ ഇരുവരും തമ്മിലുള്ള തർക്കം വീണ്ടും വഷളാകുകയും അതിനെ തുടർന്ന് ജയകുമാർ, ശാരിയെയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെയും കുത്തി വീഴ്ത്തുകയുമായിരുന്നു.
പരുക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ ശാരി മരണത്തിന് കീഴടങ്ങി. ജയകുമാറിനും ശാരിക്കും 3 മക്കളുണ്ട്.









































































